പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിൽ ഈ വർഷം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുന്ന ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലേക്കാണ് 2690 ഒഴിവുകൾ ഉള്ളതായി മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചത്. നേഴ്‍സുമാർ,അലൈഡ് ഹെൽത്ത് കെയർ വിഭാഗങ്ങളിലായി ക്ലിനിക്കൽ,നോൺ ക്ലിനിക്കൽ വിഭാഗങ്ങളിലാണ് വിദേശികൾക്ക് ജോലി സാധ്യതയുള്ളത്. അതേസമയം അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങളിൽ സ്വദേശികൾക്ക് മാത്രമായിരിക്കും നിയമനം.

ഒഴിവുകൾ നികത്തുന്നതിനായുള്ള പ്രാഥമിക നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം പതിനയ്യായിരത്തോളം ഉദ്യോഗാർഥികളുടെ അപേക്ഷകൾ മന്ത്രാലയം സ്വീകരിച്ചിരുന്നു. ഹമദ് മെഡിക്കൽ കോർപറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും അപേക്ഷകൾ അയക്കാവുന്നതാണ്. ഈ വർഷം ആദ്യത്തിൽ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ജീവനക്കാരെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നും പിരിച്ചു വിട്ടിരുന്നു എന്നാൽ 2017 അവസാനത്തോടെ ഏഴു ആശുപത്രികൾ പുതുതായി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങൾ നടക്കുന്നത്.

ഇതോടൊപ്പം ഖത്തറിലെ മറ്റൊരു സൂപ്പർസ്പെഷ്യലിറ്റി ആരോഗ്യ കേന്ദ്രമായ സിദ്രയിലും പുതിയ നിയമനങ്ങൾ നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ക്ലിനിക്കൽ നോൺ ക്ലിനിക്കൽ വിഭാഗങ്ങളിലായി നാലായിരത്തോളം ഒഴിവുകളാണ് സിദ്രയിൽ കഴിഞ്ഞ മാസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്..ഇവിടേക്കുള്ള ഒഴിവുകൾ സംബന്ധിച്ച വിശദാംശങ്ങൾ സിദ്രയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.