ആലുവ: ബിവറേജസ് ഔട്ട്‍ലെറ്റില്‍ നിന്ന് മദ്യം വാങ്ങി നൽകിയതിന്റെ കമ്മീഷനെ ചൊല്ലിയുള്ള തർക്കത്തിൽ സ്ത്രീക്ക് കുത്തേറ്റു. ആലുവ സ്വദേശിനി റാണിക്കാണ് കുത്തേറ്റത്. സംഭവത്തിൽ തമിഴ്നാട് സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആലുവ ബിവറേജസ് ഔട്ട്‍ലെറ്റിന് മുന്നിൽ ഇന്ന് വൈകിട്ടാണ് ആലുവ സ്വദേശിനി റാണിക്ക് കുത്തേറ്റത്. ക്യൂവിൽ നിന്ന റാണി തമിഴ്നാട് സ്വദേശിയായ രാജുവിന് മദ്യം വാങ്ങി നൽകി. ഇതിന്റെ കമ്മീഷനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടെയാണ് രാജു കൈയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് റാണിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ റാണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സ്ഥലത്തെത്തിയ പൊലീസ് രാജുവിനെ കസ്റ്റഡിയിലെടുത്തു. മദ്യം വാങ്ങി നിയമവിരുദ്ധമായി വിൽപ്പന നടത്തുന്ന സ്ത്രീകൾ അടങ്ങുന്ന സംഘങ്ങൾ ആലുവ ബെവ്കോ ഔട്ട്‍ലറ്റിന് മുന്നിൽ സജീവമാണ്. വരിയിൽ നിൽക്കാൻ മടിയുള്ളവർക്ക് ഇവർ മദ്യം വിറ്റ് കമ്മീഷൻ വാങ്ങും. ഇവർക്കിടയിലുള്ള തർക്കങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.
