ചട്ടം പാലിക്കാതെ പി വി അൻവർ എംഎല്‍എയുടെ പാർക്കിന് അനുമതി നൽകിയ കൂടരഞ്ഞി പഞ്ചായത്ത്, എതിർപ്പ് മറികടന്ന് ക്വാറിക്ക് അനുമതി നൽകിയതും വിവാദമാകുന്നു. ക്രഷർ യൂണിറ്റിനെതിരെ പ്രദേശവാസികൾ രംഗത്തെത്തി.
ഫെബ്രുവരിയിലാണ് കൂടരഞ്ഞി പഞ്ചായത്തിലെ നാലാം വാർഡിൽ ക്വാറിക്ക് പഞ്ചായത്ത് ഭരണസമിതി അനുമതി നൽകിയത്. സമുദ്ര നിരപ്പിൽ നിന്ന് 2000 അടി ഉയരത്തിൽ ഉരുൾപൊട്ടൽ മേഖലയിലാണ് ക്വാറി വരുന്നത്. നല്ലൊരു റോഡുപോലും ഇല്ലാത്ത സ്ഥലത്ത് ക്വാറിക്ക് അനുമതി നൽകരുതെന്ന് പഞ്ചായത്ത് ഭരണസമിതിയിൽ ഇടത് അംഗങ്ങൾ വിയോജനക്കുറിപ്പ് നൽകി. ഗ്രാമസഭയിലും ക്വാറിക്കെതിരെ എതിർപ്പുയർന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന ഭരണസമിതിയും സെക്രട്ടറിയും ക്വാറിക്ക് അനുമതി നൽകുകയായിരുന്നു. ആദിവാസി കോളനിയും ക്വാറി തുടങ്ങാനിരിക്കുന്ന മലയിൽ ഉണ്ട്. പഞ്ചായത്ത് അനുമതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിക്ക് അപേക്ഷിച്ചിരിക്കുകയാണ് ക്വാറി ഉടമ. എന്നാൽ ഗ്രാമസഭ എതിർപ്പ് അറിയിക്കുന്നതിന് മുൻ പാണ് അനുമതി നൽകിയതെന്നും എതിർപ്പ് വന്നതോടെ അനുമതി റദ്ദാക്കപ്പെടുമെന്നുമാണ് പഞ്ചായത്തിന്‍റെ വാദം. അൻവർ പാർക്ക് വിഷയത്തിൽ മുഖം നഷ്‍ടപ്പെട്ട പഞ്ചായത്തിനെ വീണ്ടും പ്രതികൂട്ടിലാക്കുന്നതാണ് ക്വാറി അനുമതി.
