കൊച്ചി: സംസ്ഥാനത്ത് നിയമം ലംഘിച്ച് പ്രവര്‍തതിക്കുന്ന പാറമടകള്‍ വ്യാപകമാകുന്നു. തൃശൂര്‍ ജില്ലയില്‍ മാത്രം ആകെയുളള 140 പാറമടകളില്‍ പരിസ്ഥിതി അനുമതിയുളളത് വെറും 11 എണ്ണത്തിന് മാത്രമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു

2016 ഡിസംബര്‍ 6നാണ് പാറമടകളുടെ പ്രവര്‍ത്തനത്തിന് പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കികൊണ്ടുളള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇതനുസരിച്ച് 12.5 ഏക്കറിനു താഴെയുളള പാറമടകള്‍ക്ക് ജില്ലാ ഭരണകൂടവും 25 ഏക്കര്‍ വരെയുളളതിന് സംസ്ഥാനസര്‍ക്കാരുമാണ് പരിസ്ഥിതി അനുമതി നല്‍കേണ്ടത്. 25 ഏക്കര്‍ മുകളിലുളള പാറമടകള്‍ക്ക് കേന്ദ്രാനുമതി വേണം. ഹൈക്കോടതി വിധി പ്രകാരം പട്ടയഭൂമികളിലും പാറമടകള്‍ പ്രവര്‍ത്തിക്കരുത്. എന്നാല്‍ തൃശൂര്‍ ജില്ലയില്‍ പരിസ്ഥിതി അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത് 128 പാറമടകളും ക്രഷര്‍ യൂണിറ്റുകളുമാണ്. ടണ്‍ കണക്കിന് സ്ഫോടകവസ്തുക്കള്‍ നിയമവിരുദ്ധമായി ശേഖരിച്ചാണ് ക്വാറി-ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം.

വടക്കാഞ്ചേരി,ചേലക്കര,വരവൂര്‍,ദേശമംഗലം,എരുമപ്പെട്ടി ഭാഗങ്ങളിലാണ് ഏറ്റവും അധികം പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് പ്രവര്‍ത്തനം.പലതും പ്രവര്‍ത്തിക്കുന്നത് പ്രധാന റോഡില്‍ നിന്നെല്ലാം മാറി ഉള്‍പ്രദേശങ്ങളിലാണ്.

പാലക്കാട്-തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ അടിക്കടി ഉണ്ടാകുന്ന ഭൂചലനത്തിന് കാരണം അനധികൃതമായി പ്രവര്ത്തിക്കുന്ന പാറമടകളാണെന്ന് നേരത്തെ ഭൗമശാസ്ത്രവിദഗ്ധര്‍ കണ്ടെത്തിയിരുന്നു. പരിസ്ഥതി സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രതി‍ജ്ഞാബദ്ധമാണെങ്കില്‍ ഇതിനൊരു അറുതി വരുത്തുക തന്നെ വേണം.