തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറി ഉടമകള്‍ കഴിഞ്ഞ 10 ദിവസമായി തുടര്‍ന്നു വന്ന സമരം പിന്‍വലിച്ചു. ക്വാറി ലൈസന്‍സിനുള്ള പാരിസ്ഥിതിക അനുമതി വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്നതുള്‍പ്പെടെയുളള ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. സംസ്ഥാനത്തെ കരിങ്കല്‍ ക്വാറികളും ക്രഷര്‍ യൂണിറ്റുകളും നടത്തി വന്ന അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നു.
ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ക്വാറി ഉടമകളുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയത്. ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനത്തിനും വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 80 ശതമാനത്തോളം ക്വാറികളും പ്രവര്‍ത്തനം നിര്‍ത്തി. സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന ക്വാറി ഉടമകളുടെ ആവശ്യവും പരിഗണിക്കും.
