ലോക ചാമ്പ്യന്‍മാരിലേക്ക് ഏഴ് മത്സരങ്ങളുടെ അകലം

മോസ്‌കോ: ലോക ഫുട്ബോളില്‍ ഇനി എട്ടിന്‍റെ പോരാട്ടം. നാല് മുൻ ചാമ്പ്യൻമാരും കന്നിക്കിരീടം ലക്ഷ്യമിടുന്ന നാല് യൂറോപ്യൻ ടീമുകളുമാണ് കളത്തിൽ ബാക്കി. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ രണ്ട് ടീമുകളെ നാളെ അറിയാം. ഫ്രാൻസും ഉറുഗ്വെയും തമ്മിലാണ് ആദ്യ ക്വാർട്ടർ ഫൈനൽ. ക്വാർട്ടറിലെ ഫൈനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ബ്രസീൽ- ബെൽജിയം ഗ്ലാമർ പോരാട്ടവും നാളെ നടക്കും. 

ഫ്രാൻസും ഉറുഗ്വേയും നേർക്കുനേർ വരികയാണ് ആദ്യ ക്വാർട്ടറിൽ. ഫ്രഞ്ച് പടയുടെ ആക്രമണവും ഉറുഗ്വെയുടെ പ്രതിരോധവും തമ്മിലാവും പോരാട്ടം. എംബാപ്പെയും ഗ്രീസ്മാനും പോഗ്ബയും ചേരുന്ന ഫ്രാൻസിന് മുൻതൂക്കം. കവാനിയുടെയും സുവാരസിന്‍റെയും പരിക്കിൽ വലയുകയാണ് ഉറുഗ്വേ. ചരിത്രം ലാറ്റിനമേരിക്കക്കാർക്ക് ഒപ്പമാണ്. ലോകകപ്പിൽ ഉറുഗ്വേയെ തോൽപ്പിക്കാൻ ഇതുവരെ ഫ്രാൻസിനായിട്ടില്ല. മൂന്ന് നേർക്കുനേർ പോരാട്ടങ്ങളിൽ ഒരു ജയവും രണ്ട് സമനിലയും ഉറുഗ്വേയ്ക്ക് അവകാശപ്പെടാം.

ടൂർണമെന്‍റിലെ ഫേവറിറ്റുകളായ ബ്രസീലും ബെൽജിയവും കസാൻ അരീനയിലാണ് അങ്കത്തിനിറങ്ങുന്നത്. ഓരോ മത്സരത്തിലും മെച്ചപ്പെട്ടുവരുന്ന ബ്രസീലിന് പക്ഷേ ബെൽജിയത്തിന്‍റെ സുവർണ തലമുറ കടുത്ത വെല്ലുവിളിയാവും. ബ്രസീൽ, ബെൽജിയം, ഫ്രാൻസ് ഇവരിൽ ഒരാൾ മാത്രമേ കലാശക്കളിയിലെത്തൂ. ഫേവറിറ്റുകൾക്ക് കാര്യങ്ങൾ കടുപ്പമാകുമ്പോൾ മറുവശത്ത് ഇംഗ്ലണ്ട്, റഷ്യ, ക്രൊയേഷ്യ, സ്വീഡന്‍ എന്നീ യൂറോപ്യൻ ടീമുകൾക്ക് സുവര്‍ണാവസരമാണ്. ഏഴ് മത്സരങ്ങൾക്കപ്പുറം ലുഷ്നിക്കിയിൽ ലോക ചാമ്പ്യൻമാർ ആരെന്നറിയാം.