ഖത്തറില്‍ വീട്ടു ജോലിക്കാര്‍ക്കുള്ള ഏകീകൃത തൊഴില്‍ കരാര്‍ ഉടന്‍ നിലവില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു, വീട്ടു ജോലിക്കാരുടെയും തൊഴിലുടമകളുടെയും നിയമപരമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതായിരിക്കും പുതിയ ഏകീകൃത തൊഴില്‍ കരാറെന്നാണ് സൂചന.

രാജ്യത്തെ വിദേശ തൊഴിലാളികള്‍ക്ക് ബാധകമായ അംഗീകൃത തൊഴില്‍ കരാര്‍ വീട്ടു ജോലിക്കാര്‍ക്ക് ബാധകമാവാത്ത സാഹചര്യത്തിലാണ് വീടുകളില്‍ ജോലി ചെയ്യുന്നവര്‍ക്കായി പ്രത്യേക ഏകീകൃത കരാര്‍ ഉണ്ടാക്കാന്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങള്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അംഗീകൃത റിക്രൂട്ടിങ് ഏജന്‍സികള്‍ വഴി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിച്ചുകൊണ്ട്‌ മാത്രമേ ഇനി മുതല്‍ വീട്ടുവേലക്കാരെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. വേലക്കാരെ ലഭിക്കുന്നതിനുള്ള കാലതാമസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തൊഴിലുടമകള്‍ റിക്രൂട്മെന്റ് ഏജന്‍സികള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതുകൂടി കണക്കിലെടുത്ത് തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലാണ് പുതിയ ഏകീകൃത തൊഴില്‍ കരാറിന് രൂപം നല്‍കുന്നത്. തൊഴിലാളികളുടെ വേതനം, അവധി തുടങ്ങിയ കാര്യങ്ങളിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ കൂടി പരിഹരിക്കുകയാണ് പുതിയ കരാറിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. തൊഴിലാളികളുടെ ശമ്പളം എല്ലാ മാസവും ബാങ്ക് അക്കൗണ്ടോ വഴിയോ ജോലിക്കാര്‍ക്ക് സൗകര്യപ്രദമായ മറ്റു മാര്‍ഗങ്ങളിലൂടെയോ നല്‍കിയിരിക്കണമെന്നതായിരിക്കും കരാറിലെ പ്രധാന വ്യവസ്ഥ എന്നാണ് സൂചന. വീട്ടു ജോലിക്കാരുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, തൊഴില്‍ സമയവും വാരാന്ത്യ അവധിയും സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുക തുടങ്ങിയ കാര്യങ്ങളും കരാറിനുള്ള നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഇതുസംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.