Asianet News MalayalamAsianet News Malayalam

ഖത്തറിലെ പൊതുമാപ്പ് സമാപിക്കുന്നു

Quatar
Author
First Published Nov 30, 2016, 1:34 PM IST

അമീറിന്റെ ഉത്തരവ് പ്രകാരം സെപ്തംബർ ഒന്നിനാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇക്കാലയളവിൽ അനധികൃത താമസക്കാർ രാജ്യം വിടുകയോ താമസ രേഖകൾ ശരിപ്പെടുത്തുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരുന്നു.

സ്പോണ്സർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവർ തൊഴിലെടുക്കുന്ന സ്ഥാപനത്തിലേക്ക് തങ്ങളുടെ ഇഖാമ മാറ്റുകയോ ആറു മാസത്തെ തൊഴിലെടുക്കാനുള്ള അനുമതി വാങ്ങിയിരിക്കുകയോ ചെയ്യണം. ഇഖാമ ഉണ്ടെന്നു കരുതി എവിടെയും തൊഴിലെടുക്കാമെന്ന ധാരണ തെറ്റാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

പൊതുമാപ്പിന് ശേഷവും  മറ്റിടങ്ങളിൽ ജോലി ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടാൽ  പഴയ കമ്പനി ഉടമയും പുതുതായി തൊഴിൽ നൽകിയ സ്ഥാപനവും വലിയ പിഴ ഒടുക്കേണ്ടി വരും. പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കുന്നതോടെ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള വ്യാപകമായ പരിശോധനകൾ ആരംഭിക്കുമെന്നും  സെർച് ആൻഡ് ഫോളോ അപ് വിഭാഗം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
അനധികൃത താമസക്കാരിൽ 85 ശതാമാനം നാട്ടിലേക്ക് മടങ്ങിയതായും അവശേഷിക്കുന്ന പതിനഞ്ചു ശതമാനത്തെ പിടികൂടാൻ പ്രയാസമുണ്ടാവില്ലെന്നുമാണ് അധികൃതരുടെ കണക്ക് കൂട്ടൽ. പിടിക്കപ്പെടുന്നവരെ രാജ്യത്തെ ശിക്ഷാനിയമം അനുസരിച്ചു കോടതിയിൽ ഹാജരാക്കി നിയമ നടപടി സ്വീകരിക്കുമെന്ന ശക്തമായ മുന്നറിയിപ്പും ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്.

വിസ കാലാവധി കഴിഞ്ഞവർ,സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്തവർ, മറ്റു വിസകളിലെത്തി തിരിച്ചു പോകാത്തവർ എന്നിവർക്കെല്ലാം പിഴയോ ശിക്ഷയോ ഇല്ലാതെ നാട്ടിലേക്ക് തിരിച്ചു പോകാനുള്ള അവസരം നാളെ അവസാനിക്കും. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ പതിനായിരം പേരിൽ  ഇന്ത്യക്കാർ രണ്ടായിരത്തോളം വരുമെന്നാണ് അനൗദ്യോഗിക കണക്ക്.

Follow Us:
Download App:
  • android
  • ios