കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റുചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. നടിക്കെതിരെ, ക്വട്ടേഷന്‍ കൊടുത്തത് കുടുംബ വിഷയവുമായി ബന്ധപ്പെട്ടാണ്. മൂന്നു വര്‍ഷം മുമ്പ് നടന്ന സംഭവമാണ് ക്വട്ടേഷനിലേക്ക് നയിച്ചത്. ദിലീപിന് നടി കാവ്യയുമായുള്ള പ്രണയത്തെക്കുറിച്ച് അന്ന് ഭാര്യ മഞ്ജുവാര്യരെ അറിയിച്ചതിനാണ് നടിയോട് ദിലീപിന് വ്യക്തിവൈരാഗ്യമുണ്ടായത്. ഇതേത്തുടര്‍ന്ന് നടിയെ ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. സിനിമാരംഗത്ത് ഡ്രൈവറായിരുന്ന പള്‍സര്‍ സുനി എന്ന സുനില്‍കുമാറുമായി ദിലീപിന് അടുത്ത ബന്ധമായിരുന്നു ഉള്ളത്. അതുകൊണ്ടുതന്നെ നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ പള്‍സര്‍ സുനിക്ക് നല്‍കി. എറണാകുളത്തെ ഒരു ഹോട്ടല്‍മുറിയില്‍വെച്ച് 2013ലാണ് ഇതുസംബന്ധിച്ച ഗൂഢാലോചന നടന്നത്. അന്നുമുതല്‍ നടിയെ ആക്രമിക്കാനുള്ള അവസരം നോക്കി നടക്കുകയായിരുന്നു സുനില്‍കുമാറും സംഘവും. ഏറ്റവും ഒടുവില്‍ മാര്‍ച്ച് 17ന് വൈകിട്ട് ക്വട്ടേഷന്‍ നടപ്പാക്കുകയായിരുന്നു.