കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷവിമർശനവുമായി ഐ എൻ ടി യു സി സംസ്ഥാനപ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. സമരപ്രഖ്യാപന ജാഥയുമായി ഉമ്മൻചാണ്ടിയും കോട്ടയം ഡിസിസിയും സഹകരിക്കുന്നില്ലെന്ന് ആരോപിച്ച ചന്ദ്രശേഖരൻ ഇത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും പറഞ്ഞു.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് കാർസർകോട് നിന്നും ഈ മാസം 15ന് ആരംഭിച്ച ജാഥയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഹകരിക്കുന്നില്ലെന്ന വിമർശനമുന്നയിച്ചാണ് സംസ്ഥാന കോൺഗ്രസിൽ ഒരിടവേളക്ക് ശേഷം ഗ്രൂപ്പ് പോരിന്റെ പോർമുഖം ആർ ചന്ദ്രശേഖരൻ തുറന്നിരിക്കുന്നത്. വലിയ സ്ഥാനങ്ങളിലിരുന്നവർ അസ്വസ്ഥത കാണിക്കുന്നതെന്തിനെന്ന ചോദ്യമുന്നയിച്ച് ഉമ്മൻചാണ്ടിയുടെ നിസഹകരണത്തെ പരിഹസിക്കുകയും ചെയ്തു.
ഉമ്മൻചാണ്ടി മാത്രമല്ല അദ്ദേഹത്തിന്റെ ജില്ലയിൽ ഡിസിസി പ്രസിഡന്റും ഇതേ സമീപനമാണ് സ്വീകരിച്ചതെന്ന പറയുന്നതിലൂടെ എ ഗ്രൂപ്പിന്റെ നീക്കമാണെന്ന സൂചനയും ചന്ദ്രശേഖരൻ നൽകുന്നു.
എന്നാൽ കോട്ടയത്ത് ഐഎൻടിയുസിയുടെ പേരിൽ ഒന്നിലധികം സംഘടനകളുള്ളതിനാൽ ആരുടേയും പരിപാടികളിൽ പോകാറില്ലെന്ന പറഞ്ഞ് ആരോപണത്തെ ലഘൂകരിക്കാനാണ് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ശ്രമിച്ചത്. ഏതായാലും കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരെ നടത്തുന്ന ജാഥ സംസ്ഥാന കോൺഗ്രസിൽ പുതിയ തർക്കം തുറക്കുന്ന ജാഥയായി മാറുകയാണ്.
