ആറ്റുകാല്‍ ക്ഷേത്രാചാരത്തിന് എതിരെ വിമര്‍ശനം രൂക്ഷ വിമര്ശനവുമായി ജയില് മേധാവി കുത്തിയോട്ടം ക്രിമിനല് കുറ്റം ബാലപീഡനമാണ് നടക്കുന്നത് പ്രതികരണം ബ്ലോഗിലൂടെ

ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടത്തുന്ന കുത്തിയോട്ടത്തിന് എതിരെ എഡിജിപി ആര്‍.ശ്രീലേഖ. ആചാരത്തിന്റെ പേരില്‍ കുട്ടികളെ ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കുകയാണെന്ന് ശ്രീലേഖ പറഞ്ഞു. ദേവീപ്രീതിക്കായി കുട്ടികളുടെ ചോര വരെ എടുക്കുന്ന പ്രാകൃതമായ രീതി ക്രിമിനല്‍ കുറ്റമാണെന്നും ഇത്. അവസാനിപ്പിക്കാന്‍ ഭക്തരും ക്ഷേത്രഭാരവാഹികളും തയ്യാറാകണമെന്ന് ജയില്‍ മേധാവി ബ്ലോഗിലൂടെ തുറന്നടിച്ചു.

കുട്ടികളുടെ അനുമതി പോലുമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്ര ഭാരവാഹികളും ഗൂഢാലോചന നടത്തി കുട്ടികളെ പീഡിപ്പിക്കുന്നത്, കുത്തിയോട്ടത്തെ ആൺകുട്ടികളുടെ തടവറയെന്ന് പറയേണ്ടി വരുമെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു, നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുത്തിയോട്ടം, ഉത്സവത്തിൽ നിന്ന് കുത്തിയോട്ടത്തെ ഒഴിവാക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടു, ഇതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റുകാൽ വിശ്വാസിയായ താൻ ഇത്തവണ പൊങ്കാല അർപ്പിക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു.

ആറ്റുകാല്‍ ക്ഷേത്രത്തിലെ മുഖ്യ വഴിപാടുകളില്‍പ്പെട്ടതാണ് പെൺകുട്ടികളുടെ താലപ്പൊലിയും ആൺകുട്ടികള്‍ക്കുള്ള കുത്തിയോട്ടവും. ഉത്സവത്തിന്‍റെ മൂന്നാം നാള്‍ തുടങ്ങുന്ന കുത്തിയോട്ട വ്രതം ഏഴ് ദിവസം നീണ്ട് നില്‍ക്കുന്നു. 5 നും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള ആയിരത്തിലധികം കുട്ടികള്‍ ഓരോ വര്‍ഷവും അനുഷ്ഠാനത്തിനായി എത്താറുണ്ട്. വ്രതമെടുക്കുന്ന കുട്ടികളെ മാതാപിതാക്കളെ പോലും കാണാന്‍ അനുവദിക്കാതെ ക്ഷേത്രപരിസരത്ത് പ്രത്യേക ഇടങ്ങളില്‍ പാര്പ്പിക്കും. ശരീരത്തില്‍ ഇരുമ്പ് കമ്പികൊണ്ട് കുത്തി മുറിവേല്‍പ്പിച്ച് ചോരയെടുക്കുന്നതടക്കം കുത്തിയോട്ടത്തിനായി നടത്തുന്ന ആചാരങ്ങളെയാണ് ജയില്‍ മേധാവി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. 

കുട്ടികള്‍ക്കെതിരെരായ അതിക്രമം തടയല്‍ അടക്കം ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരമുള്ള 6 വകുപ്പുകള്‍ വരെ ചുമത്താവുന്ന കുറ്റമാണ് ക്ഷേത്രില് നടക്കുന്നത്. ആറ്റുകാലില്‍ പൊങ്കാല ഇടാറുള്ള താനും വിശ്വാസിയാണ്. സഹപ്രവര്ത്തകന്റെ മകന്റേത് അടക്കം കുട്ടികള്‍ക്ക് അനുഭവിക്കുന്ന പീഡനങ്ങളുടെ പല ഉദാഹരണങ്ങളും നേരില്‍ ബോധ്യമായതോടെയാണ് പരസ്യമായി പ്രതികരിക്കാന്‍ തീരുമാനിച്ചത്. കുട്ടികളെ ജയിലറയ്ക്കുള്ളില്‍ എന്ന പോലെ പീഡിപ്പിക്കുന്ന ഈ ആചാരം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു.ക്രൂരമായ ഈ ആചാരം അവസാനിപ്പിക്കാതെ ഇനി പൊങ്കാലയില്‍ അര്‍പ്പിക്കില്ലെന്നും
ശ്രീലേഖ ബ്ലോഗീലൂടെ വ്യക്തമാക്കി. കുത്തിയോട്ടം നിര്ത്തണമെന്നാവശ്യപ്പെട്ട് ഇതിന് മുമ്പും സാമൂഹിക പ്രവര്ത്തകര് രംഗത്തെത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന ആചാരം മാറ്റാനാകില്ലെന്നും, വിവാദങ്ങള്‍അ അനാവശ്യമെന്നുമാണ് ക്ഷേത്രഭാരവാഹികളുടെ വിശദീകരണം.