ദില്ലി: പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന റേസ് കോഴ്സ് റോഡിന്റെ പേര് പുനർനാമകരണം ചെയ്തു. റേസ് കോഴ്സ് റോ‍ഡ് ഇനി മുതൽ ലോക് കല്യാൺ മാർഗ് എന്നറിയപ്പെടും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് പേര് മാറ്റം അറിയിച്ചത്. പേര് മാറ്റുന്നത് സംബന്ധിച്ച് ന്യൂഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ നിരവധി നിർദ്ദേശങ്ങൾ വന്നിരുന്നെങ്കിലും ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്താണ് ലോക് കല്യാൺ മാർഗ് എന്ന പേര് സ്വീകരിച്ചതെന്നും അരവിന്ദ് കെ‍ജ്‌രിവാൾ പറഞ്ഞു.

റേസ് കോഴ്‌സ് റോഡിന്റെ പേരുമാറ്റി 'ഏകാത്മ മാര്‍ഗ് ' എന്നാക്കണമെന്ന് ബി.ജെ.പി. എം.പി. മീനാക്ഷി ലേഖി ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിനോട് (എന്‍.ഡി.എം.സി.) ആവശ്യപ്പെട്ടിരുന്നു. റേസ് കോഴ്‌സ് റോഡ് എന്നപേര് ഇന്ത്യന്‍ സംസ്‌കാരത്തിനു യോജിച്ചതല്ലെന്നുപറഞ്ഞ മീനാക്ഷി ലേഖി, പാര്‍ട്ടിസൈദ്ധാന്തികനായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ സ്മരണാര്‍ഥമാണ് ഏകാത്മമാര്‍ഗ് എന്ന പേര് നിര്‍ദേശിച്ചത്. എന്നാല്‍ ഇത് തള്ളിക്കൊണ്ടാണ് റോഡിന് കല്യാണ്‍ മാര്‍ഗ് എന്ന് പേര് നല്‍കിയിരിക്കുന്നത്.

ഡല്‍ഹി റേസ് ക്ലബ്ബിന്റെ ഭാഗമായതിനാലാണ് 1940ല്‍ റോഡിന് റേസ് കോഴ്സ് റോഡ് എന്ന് പേരു വന്നത്.2015 ഓഗസ്റ്റില്‍ ല്യൂട്ടന്‍സ് ഡല്‍ഹിയിലെ ഔറംഗസേബ് റോഡിന്റെ പേര് ഡോ. എ.പി.ജെ. അബ്ദുല്‍കലാം റോഡ് എന്നുമാറ്റിയിരുന്നു.