യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ഹിതപരിശോധനയ്‌ക്കു ശേഷം ബ്രിട്ടനില്‍ വംശീയധിക്ഷേപം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് അതിക്രമങ്ങളേറെയും അരങ്ങേറുന്നത്. ഇതിനോടകം നൂറിലധികം വംശീയധിക്ഷേപ സംഭവങ്ങളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇന്ത്യക്കാരെ കൂടാതെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരെയും അക്രമിക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രെക്‌സിറ്റിനുശേഷം നിരവധി വംശീയാധിക്ഷേപ സംഭവങ്ങള്‍ ഉണ്ടായെങ്കിലും രണ്ടു കേസ് മാത്രമാണ് ഇതുവരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. വംശീയധിക്ഷേപനത്തിന് അധികൃതരുടെ ഒത്താശയുണ്ടെന്നതിന്റെ തെളിവാണിത്. സോഷ്യല്‍ മീഡിയ വഴിയും വംശീയാധിക്ഷേപനം നടക്കുന്നുണ്ട്. ഇതേക്കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് ഇന്ത്യക്കാര്‍ ഉള്‍പ്പടെ പറയുന്നത്. വംശീയാധിക്ഷേപങ്ങള്‍ക്കെതിരെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ രംഗത്തെത്തിയിട്ടുണ്ട്. കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു. വംശീയാധിക്ഷേപത്തിനെതിരെ ജനകീയ കൂട്ടായ്‌മ നടത്താന്‍ ചില സന്നദ്ധ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ രണ്ടിന് ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.