ഭക്തർക്ക് ദർശന പുണ്യവുമായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ രഥോത്സവം നടന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള രഥോത്സവം കാണാനായി മലയാളികളടക്കം ആയിരക്കണക്കിന് പേരാണ് മൂകാംബിക ക്ഷേത്രത്തിലെത്തിയത്.

സൗപർണികയുടെ തീരത്ത് ദേവീ മന്ത്രധ്വനികളാൽ മുഖരിതമായ മഹാനവമി. ദീപ പ്രഭയിൽ കുളിച്ച് നിൽക്കുന്ന ക്ഷേത്രാങ്കണത്തിൽ എട്ടേമുക്കാലോടെ ദേവീ വിഗ്രഹവുമായി മുഖ്യ തന്ത്രി നിത്യാനന്ദ അടികയെത്തി. ദേവീ വിഗ്രഹം രഥത്തിൽ അലങ്കരിച്ച പ്രത്യേക പീഢത്തിലേക്ക്. നാലമ്പലത്തിനുള്ളിൽ പുഷ്പാലകൃതമായ ദേവീ രഥം ചലിച്ച് തുടങ്ങിയതോടെ ഭക്തസാഗരവും അനുഗമിച്ചു.

രഥത്തിൽ നിന്നു വിതറിയ നാണയതുട്ടുകൾക്കായി ആയിരം കൈകളാണ് ഉയർന്നത്. നാണയം കിട്ടുന്നവർക്ക് ഐശ്വര്യം കൈവരുമെന്നാണ് ഐതീഹ്യം.

ദേവിയെ ദർശിക്കുനന്തിനും രഥോത്സവത്തിൽ പങ്കെടുക്കുന്നതിനുമായി മലയാളികളടക്കം ആയിരങ്ങളാണെത്തിയത്. മൂകാസുരനെ വധിച്ച് ലോകരക്ഷ ചെയ്ത ദേവീയെ ദർശിച്ച പുണ്യവുമായാണ് ഭക്തർ മടങ്ങിയത്.