തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ റേഡിയേഷൻ സംവിധാനം നിലച്ചിട്ട് മൂന്നാഴ്ചയായിട്ടും നടപടിയെടുക്കാതെ അധികൃതര്‍.

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ റേഡിയേഷൻ സംവിധാനം നിലച്ചിട്ട് മൂന്നാഴ്ചയായിട്ടും നടപടിയെടുക്കാതെ അധികൃതര്‍. ഇതോടെ നൂറുകണക്കിന് ക്യാൻസര്‍ രോഗികള്‍ക്ക് വൻ തുക കൊടുത്ത് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ റേഷിയേഷൻ മെഷീൻ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാണ്. എന്നാല്‍ ഇത് പ്രവര്‍ത്തിപ്പിക്കാൻ സേഫ്ടി ഓഫീസര്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. നേരത്തെ ഉണ്ടായിരുന്ന താത്കാലിക ജീവനക്കാരൻ മൂന്നാഴ്ച മുമ്പ് രാജി വെച്ചു പോയി. ഇതോടെ പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നെത്തുന്ന ക്യാൻസര്‍ രോഗികളാണ് ദുരിതത്തിലായത്.

സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ ഒന്നില്‍ കൂടുതല്‍ സേഫ്ടി ഓഫീസര്‍മാരുണ്ട്. അടിയന്തിരമായി ജീവനക്കാരനെ നിയമിക്കണമെന്നാണ് സാമുഹ്യപ്രവര്‍ത്തകരുടെ ആവശ്യം. ജീവനക്കാരനെ നിയമിക്കുന്നതിനുളള നടപടികള്‍ തുടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.