റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കായംകുളത്ത് എത്തിച്ച് തെളിവെടുത്തു.
ആലപ്പുഴ: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കായംകുളത്ത് എത്തിച്ച് തെളിവെടുത്തു. മടവൂർ സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ടാംകുറ്റി ദേശത്തിനകം കളത്തിൽ അപ്പുണ്ണി (37), ഓച്ചിറ സ്വദേശി അലിഭായ് എന്ന മുഹമ്മദ് സാലിഹ് (26), കരുനാഗപ്പള്ളി കുലശേഖരപുരം കൊച്ചയ്യത്ത് തെക്കതിൽ തൻസീർ (24) എന്നിവരെയാണ് കൃഷ്ണപുരം, ദേശത്തിനകം എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കൊലയ്ക്ക് ഉപയോഗിച്ച കാറിൽ ഒട്ടിക്കാനായി ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ അടിച്ച കൃഷ്ണപുരത്തെ സ്ഥാപനം, അപ്പുണ്ണിയുടെ വീട് എന്നിവിടങ്ങളിലാണ് തെളിവ് എടുത്തത്. അപ്പുണ്ണിയുടെ വീട്ടിൽ നിന്നും സംഭവ സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും ചെരുപ്പും കണ്ടെടുത്തു.
അപ്പുണ്ണിയുടെ മാതാവിനെയും പൊലീസ് ചോദ്യം ചെയ്തു. ആറ്റിങ്ങൽ സി.ഐ. എം. അനിൽകുമാർ, കിളിമാനൂർ സി.െഎ. വി.എസ്. പ്രദീപ്കുമാർ, പള്ളിക്കൽ എസ്.െഎ സലിം എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്.
