ദില്ലി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാതക ചോർച്ച ഉണ്ടായത് പരിഭ്രാന്തി പരത്തി. റേഡിയോ ആക്ടീവ് ചോർച്ചയാണെന്ന സംശയമാണ് പരിഭ്രാന്തിക്ക് ഇടയാക്കിയത്.ആശങ്കപ്പെടേണ്ടതില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പിന്നീട് അഗ്നിശമന സേന അറിയിച്ചു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിൽ നിർത്തിയിട്ടിരുന്ന എയർ ഫ്രാൻസ് വിമാനത്തിലെ കാർഗോയിൽ നിന്നാണ് വാതക ചോർച്ചയുണ്ടായത്.

റേഡിയോ ആക്ടീവ് ചോർച്ചയാണെന്നാണ് ആദ്യം പുറത്തുവന്ന വിവരം ഇത് അൽപനേരം സ്ഥലത്ത് പരിഭ്രാന്തി സൃഷ്ടിച്ചു.വിവരമറിഞ്ഞയുടനെ സുരക്ഷ മുൻ നിർത്തി ടെർമിനലിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.ദേശീയ ദുരന്ത നിവാരണ സേനയുടേയും,ആണവോർജ നിയന്ത്രണ ബോർഡിന്റെയും അഗ്നിശമന സേനയുടേയും ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി പരിശോധന നടത്തി.

വിമാനത്തിൽ സൂക്ഷിച്ചിരുന്ന ക്യാൻസറിനുപയോഗിക്കുന്ന മരുന്നിൽ നിന്നാണ് ചോർച്ചയുണ്ടായതെന്ന് ദേശീയ ദുരന്ത നിവാരണസേനയിലെ ഉദ്യോഗസ്ഥർ അറിയിച്ചു.ആശങ്കപ്പെടേണ്ടതില്ലെന്നും അപകടകരമായ രീതിയിൽ ചോർച്ച ഉണ്ടായിട്ടില്ലെന്നും ഇവർ അറിയിച്ചു.മരുന്നിൽ നിന്ന് റേഡിയോ ആക്ടീവ് ചോർച്ചയല്ല ഉണ്ടായതെന്ന് പിന്നീട് അധികൃതർ അറിയിച്ചു.സംഭവത്തിൽ എയർപോർട്ട് അഥോറിറ്റിയും, പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.