ദില്ലി: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിന്(എച്ച്എഎല്‍)  ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കുന്നു എന്ന ലോക്സഭയിലെ പരാമര്‍ശത്തിനെതിരെ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനെതിരെ അവകാശലംഘന നോട്ടീസ്. കെസി വേണുഗോപാലാണ് അവകാശലംഘന നോട്ടീസ് നല്‍കിയത്.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മറുപടി പറയുമ്പോള്‍ എച്ച്എഎല്ലിന് ഒരു ലക്ഷം കോടി രൂപയുടെ കരാർ നല്‍കിയെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് നോട്ടീസിലെ ആരോപണം. നടപടി വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. അടിയന്തര പ്രമേയമായി ഇത് പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസും കെസി വേണുഗോപാല്‍ നല്‍കിയിട്ടുണ്ട്.

പ്രതിരോധ മന്ത്രിക്കെതിരെ നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. സഭയില്‍ കള്ളം പറഞ്ഞുവെന്നും എച്ചഎഎല്ലിന് കരാറുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതിന് തെളിവ് നല്‍കണമെന്നും ഇല്ലെങ്കില്‍ രാജിവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ ആരോപണത്തിന് മറുപടിയുമായി പ്രതിരോധമന്ത്രിയും രംഗത്തെത്തി. എച്ച്എഎല്ലിന് നല്‍കിയ കരാറുകളുടെയും ധാരണയിലെത്തിയ കരാറുകളുടെയും രേഖകള്‍ നിരത്തിയായിരുന്നു പ്രതിരോധ മന്ത്രിയുടെ മറുപടി. കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാര്‍ലമെന്‍റില്‍ നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയം സഭയില്‍ ശക്തമായ രീതിയില്‍ ഉന്നയിക്കാനാണ് കോണ്‍ഗ്രസ് നീക്കം.