പ്രമുഖ വ്യവസായി ജോര്‍ജ് നെരേപ്പറമ്പില്‍ വാങ്ങിയതോടെയാണ് തീയേറ്ററിന്റെ പേര് 'ജോര്‍ജേട്ടന്‍സ് രാഗം' എന്ന്  മാറിയത്.

തൃശൂര്‍: പൂരത്തിന്റെ തട്ടകത്ത് തലയെടുപ്പോടെ ആനച്ചന്തമുള്ള രാഗം തിയറ്റര്‍ സിനിമാ പ്രേമികളുടെ മായാലോകമാണ്. കവാടത്തിലെ വലിയ തളത്തില്‍ നിന്ന് രണ്ട് ഭാഗത്തേക്കായി വളഞ്ഞുപോകുന്ന വലിയ പിരിയന്‍ ഗോവണി. നാല് ഭാഗത്തുനിന്നുമുള്ള ഗജമുഖ ശില്പങ്ങള്‍ നിന്ന് തുമ്പിക്കയ്യിലൂടെ താമരപൊയ്കയിലേക്ക് വീഴുന്ന ജലധാര. അതില്‍ ചൂണ്ടയിട്ടിരിക്കുന്ന മത്സ്യതൊഴിലാളിക്കാരന്റെ മാതൃക. കൗതുകത്തോടെ ആ കാഴ്ച നോക്കിയിരിക്കുന്ന കുരുന്നു ബാലന്‍. ജലാശയത്തിലെ കൊറ്റികളുടെ ശില്പങ്ങളും ജീവനുള്ള വളര്‍ത്തുമത്സ്യങ്ങളും വര്‍ണ്ണരാശി വിരിയിച്ച് ഉയര്‍ന്നു താഴുന്ന ചെറിയ ഫൗണ്ടനും... ഒപ്പം 70 എംഎം സ്‌ക്രീന്‍ ഉയരുന്നതിനൊപ്പമുള്ള ആവേശകരമായ പിന്നിണി സംഗീതം... തൃശ്ശൂരുകാർ ഗൃഹാതുരതയോടെ ഓര്‍ക്കുന്നതാണ് രാ​ഗം തീയേറ്റററിന്റെ ആ സുവർണകാലം. 

 2015 ഫെബ്രുവരി എട്ടിന് പ്രദര്‍ശനം നിലച്ചതോടെ ഒരു ജനതയുടെ വികാരം അണയുകയായിരുന്നു. തൃശൂരിന്റെ അടയാളമായ ആ രാഗം തിയേറ്റര്‍ വീണ്ടും വരുന്നുവെന്ന വാർത്ത തികഞ്ഞ ആഹ്ളാദത്തോടെയാണ് തൃശ്ശൂരുകാർ സ്വാ​ഗതം ചെയ്യുന്നത്. രാഗത്തിന്റെ തിരിച്ചുവരവ് തന്നെ കൊച്ചു സിനിമായി യൂട്യൂബില്‍ തരംഗമാക്കി ഇവിടത്തെ സിനിമാപ്രേമികകൾ. ബാഡ്‌സ് എന്റര്‍ടെയ്‌ന്മെന്റ്‌സിന്റെ ബാനറില്‍ പാപ്പരാസി മീഡിയ തയ്യാറാക്കിയ 'മ്മ്‌ടെ രാഗം' എന്ന ഹ്രസ്വ ചിത്രം നാലുവര്‍ഷം വര്‍ഷം മുമ്പ് പൂട്ടി താഴിട്ട തിയേറ്റര്‍ വീണ്ടും തുറക്കുന്നതിന്റെ കഥയാണ് പറയുന്നത്. ഒപ്പം പഴയ രാഗത്തിന്റെ ഓര്‍മ്മകളും. 

പുതിയ രൂപഭാവങ്ങളോടെ രാഗം തിയേറ്റര്‍ വീണ്ടും വരുമ്പോള്‍ മ്മ്‌ടെ രാഗം ഹ്രസ്വ ചിത്രം ഗൃഹാതുതരതയിലേക്കുള്ള സഞ്ചാരം മാത്രമല്ല പുത്തന്‍ പ്രതീക്ഷകളുടേത് കൂടിയായി മാറുകയും ചെയ്തു. പഴയ 25 രൂപ ടിക്കറ്റ് ഇനി ഉണ്ടാവില്ലെങ്കിലും പുതിയ ആ മേക്കോവര്‍ കാണാന്‍ തൃശൂര്‍ ഏറെ കൊതിയോടെയാണ് കാത്തിരിക്കുന്നത്. 1974 ആഗസ്ത് 24 നാണ് രാഗത്തില്‍ ആദ്യ സിനിമ പ്രദര്‍ശനം നടന്നത്. രാമു കാര്യാട്ടിന്റെ നെല്ല് ആയിരുന്നു പ്രഥമ സിനിമ. 50 ദിവസം തുടര്‍ന്ന ആ സിനിമയുടെ പ്രദര്‍ശനത്തിന് പ്രേംനസീര്‍, ജയഭാരതി, അടൂര്‍ ഭാസി, ശങ്കരാടി, രാമു കാര്യാട്ട് തുടങ്ങി നിരവധി പ്രമുഖര്‍ രാഗത്തിലെത്തിയിരുന്നു. തുടങ്ങുമ്പോള്‍ നഗരത്തിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു രാഗം. 

ആധുനിക ടെക്‌നോളജി ഉപയോഗിച്ച് പ്രവര്‍ത്തനമാരംഭിച്ച തിയറ്റര്‍ മലയാള സിനിമാചരിത്രത്തില്‍ എപ്പോഴൊക്കെ പുതുമകളും പരീക്ഷണങ്ങളും പരീക്ഷിക്കുന്നുവോ അപ്പോഴെല്ലാം രാഗത്തിലാണ് ആ സിനിമ പ്രദര്‍ശനത്തിനെത്തുക. ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം തച്ചോളി അമ്പു, ആദ്യത്തെ 70 എംഎം ചിത്രം പടയോട്ടം, ആദ്യത്തെ ത്രീഡി സിനിമ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചു. ഷോലെ, ബെന്‍ഹര്‍, ടൈറ്റാനിക് തുടങ്ങിയ ചിത്രങ്ങള്‍ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും കാണാന്‍ രാഗം പ്രേക്ഷകര്‍ക്ക് വഴിയൊരുക്കി. ടൈറ്റാനിക് 140 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. ഏറ്റവും കൂടുതല്‍ വിതരണ- പ്രദര്‍ശന ഷെയര്‍ ലഭിച്ചത് പ്രദര്‍ശിപ്പിച്ചപ്പോഴാണ്. സ്വാതന്ത്യ സമരസേനാനി വി.ആര്‍ കൃഷ്ണന്‍ എഴുത്തച്ഛനെ ആദരിക്കുന്ന ചടങ്ങിന് രാഗം തിയേറ്റര്‍ വേദിയായിരുന്നു

പ്രമുഖ വ്യവസായി ജോര്‍ജ് നെരേപ്പറമ്പില്‍ വാങ്ങിയതോടെയാണ് തീയേറ്ററിന്റെ പേര് 'ജോര്‍ജേട്ടന്‍സ് രാഗം' എന്ന് മാറിയത്. തിയേറ്റര്‍ ഉള്‍പ്പെടെയുള്ള വ്യവസായ സമുച്ചയത്തിന് വേണ്ടിയായിരുന്നു 'ജോര്‍ജേട്ടന്‍സ് രാഗം' പൂട്ടിയത്. പൂട്ടുന്നതിന് മുൻപായി അവസാനം രാ​ഗത്തിൽ പ്രദർശിപ്പിച്ച ചിത്രം ആമയും മുയലുമായിരുന്നു. അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് കെട്ടിടം തകർത്ത ശേഷം 16 നിലകളിലായി ജിയോമാള്‍ എന്ന വ്യവസായ സമുച്ചയം നിർമ്മിക്കാനായിരുന്നു പദ്ധതി.

ടെലിസ്‌കോപ്പുള്ള പ്ലാനിറ്റോറിയവും ഐടി പാര്‍ക്കും നാലു നില പാര്‍ക്കിങും ത്രിഡി മാക്‌സ് തിയറ്ററുകളുള്‍പ്പെടുന്ന ഡിജിറ്റല്‍ പാര്‍ക്കും കള്‍ച്ചറല്‍ സെന്ററും താമസസൗകര്യങ്ങളോടുകൂടി ഹോട്ടലും റസ്‌റ്റോറന്റുകളും മള്‍ട്ടിജിംനേഷ്യവും നീന്തല്‍കുളവും രാജ്യാന്തര നിലവാരത്തിലുള്ള വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ഷോപ്പിങ് കോംപ്ലക്‌സ് എന്ന രീതിയിലാണ് രൂപകല്പന ചെയ്ത് അവതരിപ്പിച്ചത്. എന്നാല്‍ നാല് വര്‍ഷമായിട്ടും കെട്ടിടം പൊളിക്കുകയുണ്ടായില്ല.

നിലവിലുണ്ടാക്കിയ വ്യവസായ ധാരണകളെല്ലാം തകിടം മറിഞ്ഞതോടെ മുളങ്കുന്നത്തുകാവ് സ്വദേശി സുനിലുമായി ചേര്‍ന്നാണ് ജോര്‍ജ് നെരേപ്പറമ്പില്‍ വീണ്ടും രാഗത്തിന് ജീവന്‍ നല്‍കുന്നത്. മൂന്ന് മാസത്തിനകം രാ​ഗം പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഏറ്റവും ആധുനികമായ രീതിയിലാണ് തിയറ്റര്‍ ഇപ്പോൾ പുനരുദ്ധരിക്കുന്നത്. ഫോര്‍ കെ പ്രൊജക്ടറോടു കൂടി ആരംഭിക്കുന്ന തിയേറ്ററിലെ മുഴുവന് ഇരിപ്പിടങ്ങളും മാറ്റും. പുതിയ ശീതികരണ സംവിധാനമൊരുക്കും. മികച്ച ശബ്ദവിന്യാസത്തോടെയാവും തിയേറ്റര്‍ വീണ്ടുമൊരുങ്ങുന്നത്. തൃശൂരിന്റെ ഗൃഹാതുര ഓര്‍മ്മകളെ തൊട്ടുണര്‍ത്തി രാഗം വീണ്ടും പുനര്‍ജനിക്കുന്നതും കാത്തിരിക്കുകയാണ് ഇവിടത്തുകാര്‍.