ഇടുക്കി: കട്ടപ്പന ഗവർണ്മെൻറ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ രണ്ടു മാസമായി റാഗിംഗിനു വിധേയനാക്കുന്നതായി പരാതി.  എസ്എഫ്ഐ ഏരിയ പ്രസിഡൻറ് ഉൾപ്പെടെ ആറു പേർക്കെതിരെയാണ് റാഗിംഗിന് ഇരയായ വിഷ്ണു പ്രസാദ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് എബിവിപിയുടെ നേതൃത്വത്തിൽ കട്ടപ്പന ഗവ. കോളജിലേക്ക് നാളെ ബഹുജന മാർച്ച് നടത്തും.

വയനാട് സ്വദേശിയാണ് റാഗിംഗിന് ഇരയായതായി പരാതി നൽകിയിരിക്കുന്ന വിഷ്ണു പ്രസാദ്. നിർധനനായ വിഷ്ണു പ്രസാദ് മൂന്നാം ക്ലാസ്സ് മുതൽ കുളത്തൂർ അദ്വൈതാശ്രമത്തിലെ അന്തേവാസിയാണ്.  ഒരു മാസത്തിലധികമായ സീനിയർ വിദ്യാർത്ഥികളും ഇവരുടെ സുഹൃത്തുക്കളായ പുറത്തു നിന്നുള്ളവരും രാത്രിയിൽ ഹോസ്റ്റലിലെത്തി പീഡിപ്പിക്കുകയാണെന്നാണ് വിഷ്ണു പ്രസാദിൻറെ പരാതി.  ദിവസങ്ങളോളം ഉറങ്ങുവാൻ പോലും അനുവദിക്കാതെ നിലത്തിട്ട് ഉരുട്ടിയും, പുകവലിച്ച് മുഖത്തേക്ക് ഊതിയും പീഡിപ്പിച്ചു.

 പീഡനം സഹിക്ക വയ്യതായപ്പോൾ കഴിഞ്ഞ ദിവസം വിവരം ആശ്രമത്തിൽ അറിയിച്ചു.  ആശ്രമത്തിൽ നിന്നുള്ള നിർദ്ദേശ പ്രകാരം പ്രിൻസിപ്പാളിന് പരാതി നൽകി.  ഈ പരാതി കോളജ് അധികൃതർ പൊലീസിനു കൈമാറിയിട്ടുണ്ട്.  വിഷ്ണു പ്രസാദ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.  എന്നാൽ സംഭവവുമായി എസ്എഫ്ഐ പ്രവർത്തകർക്ക് ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. കട്ടപ്പന പൊലീസ് വിഷ്ണുപ്രസാദിൻറെ മൊഴിയെടുത്ത് കേസ്സന്വേഷണം ആരംഭിച്ചു.