പട്ന: തുടർച്ചയായി ജൂനിയർ വിദ്യാർഥികളെ റാഗിങിന് വിധേയരാക്കിയ മെഡിക്കൽ വിദ്യാർഥിനികൾക്ക് 13.5 ലക്ഷം രൂപ പിഴയിട്ടു. ബീഹാറിലെ ദർബംഗ മെഡിക്കൽ കോളജിലെ 54 വിദ്യാർഥിനികൾക്കാണ് ഒന്നിച്ച് ഇത്രയും തുക കോളജ് അധികൃതർ പിഴയിട്ടത്. ഒാരോ വിദ്യാർഥിയും കാൽ ലക്ഷം രൂപ വീതമാണ് പിഴയായി കൊടുക്കേണ്ടത്. റാഗിങിന് ഇരയായ വിദ്യാർഥികൾ മെഡിക്കൽ കൗൺസിലിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
മെഡിക്കൽ കൗൺസിൽ കോളജ് അധികൃതരോട് നടപടിക്ക് നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കൗൺസിലിൽ നിന്ന് ഇ.മെയിലായി എത്തിയ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് പ്രിൻസിപ്പൽ ഡോ. രബീന്ദ്രകുമാർ സിൻഹ പറഞ്ഞു. എന്നാൽ ആരോപണ വിധേയരുടെയോ ഇരകളുടെയോ വിവരം കോളജ് പുറത്തുവിട്ടിട്ടില്ല. പിഴ ചുമത്തുന്നതിന് മുമ്പായി പഴയ ഗേൾസ് ഹോസ്റ്റലിൽ താമസിക്കുന്ന മൂന്നാം സെമസ്റ്റർ വിദ്യാർഥിനികളെ ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും കോളജ് അധികൃതർ വ്യക്തമാക്കി.
അതേസമയം ഒന്നാം സെമസ്റ്ററിലെ ഒരു വിദ്യാർഥിനിയും റാഗിങ് പരാതിയുമായി കോളജ് അധികൃതർക്ക് മുമ്പിൽ എത്താത്തത് അവരെ കുഴക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒന്നും മൂന്നും സെമസ്റ്ററിലെ വിദ്യാർഥിനികൾക്ക് ഒന്നിച്ചാണ് പിഴ ചുമത്തിയത്. റാഗിങ് വിരുദ്ധനിയമപ്രകാരം വിവരങ്ങൾ മറച്ചുവെച്ചതിനാണ് ഒന്നാം സെമസ്റ്ററിലുള്ളവർക്കും പിഴയിട്ടതെന്ന് പ്രിൻസിപ്പൽ പറയുന്നു. പരാതിക്കാരുടെ വിവരങ്ങൾ പുറത്തുവിടാതെയാണ് മെഡിക്കൽ കൗൺസിൽ നടപടിക്ക് നിർദേശിച്ചത്.
