Asianet News MalayalamAsianet News Malayalam

രാഘവന് സ്വയം ശ്വസിക്കണം, നാട്ടുകാര്‍ സഹായിച്ചാല്‍

Raghavan needs to breathe himself
Author
First Published Dec 24, 2017, 4:41 PM IST

കാസര്‍കോട്:    ' വാടക വീടിന്റെ ഒരുമുറിയില്‍ നരകയാതന അനുഭവിക്കുന്ന ഭര്‍ത്താവ്. പട്ടിണി മാറ്റാന്‍ നെട്ടോട്ടമോടുന്ന വിവാഹ പ്രായം കഴിഞ്ഞ് നില്‍ക്കുന്ന മകള്‍ ഒരുഭാഗത്ത്.  ജീവിതം അവസാനിപ്പിക്കാന്‍ സമയമായെന്നാ തോന്നുന്നത്... അല്ലാതെ.   വേറെ വഴിയില്ല..  ആര് കാണും ഞങ്ങളുടെ ദുരവസ്ഥ.. '   ഈ വാക്കുകള്‍ നീലേശ്വരം തട്ടാചേരിയിലെ പാലവളപ്പില്‍ രാഘവന്റെ ഭാര്യ ബേബിയെന്ന വീട്ടമ്മയുടേതാണ്.

പന്ത്രണ്ടു വര്‍ഷം അറബി നാട്ടില്‍ പൊന്നുരുക്കിയ ഭര്‍ത്താവ് പള്ളിക്കരയില പാലവളപ്പില്‍ പി.വി.രാഘവന്റെ (63) ജീവന്‍ നിലനിര്‍ത്താനായി ഒരുമുറിയില്‍ ഓക്‌സിജന്‍ അടക്കമുള്ള സംവിധാങ്ങള്‍ സജ്ജീകരിച്ചു കഴിയുന്ന ബേബി എന്ന വീട്ടമ്മ നാടിന്റെ കണ്ണീരാവുകയാണ്. വിട്ടുമാറാത്ത ചുമയെത്തുടര്‍ന്ന് ശ്വാസകോശത്തിന്റെ ഒരു ഭാഗം പ്രവര്‍ത്തിക്കാതായതോടെയാണ് കഴിഞ്ഞ മൂന്ന് മാസമായി കിഴക്കേക്കരമ്മലിലെ വാടകവീട്ടില്‍ ഒരു മുറിയില്‍ ഓക്‌സിജന്‍ യൂണിറ്റ് സജ്ജീകരിച്ചാണ് ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ഗള്‍ഫില്‍ സ്വര്‍ണപ്പണിയെടുത്ത് ജീവിച്ചിരുന്ന ഇദ്ദേഹം ഇരിട്ടിയില്‍ കുടുംബസമേതം താമസിച്ചു വരുന്നതിനിടെ 10 വര്‍ഷം മുന്‍പാണ് വിട്ടുമാറാത്ത ചുമ ബാധിച്ച് കിടപ്പിലായത്.

രണ്ടു പെണ്‍മക്കള്‍ അടങ്ങിയ ബേബിയുടെ കുടുംബത്തില്‍ മൂത്ത മകള്‍ വിവാഹിതയാണ്. ബിരുദധാരിയായ ഇളയമകള്‍ പി.വി.ജിസ്സി മോള്‍ കാലിച്ചാനടുക്കം എസ്എന്‍ഡിപി കോളജ് കൊമേഴ്‌സ് വിഭാഗത്തില്‍ താല്‍ക്കാലിക അധ്യാപികയാണ്. ജിസ്സിക്ക് കിട്ടുന്ന വരുമാനം മാത്രമാണ് ബേബിയുടെ ഏക ആശ്രയം. ബേബി സഹോദരിക്കൊപ്പം കോട്ടപ്പുറത്ത് ടെയ്‌ലറിങ് യൂണിറ്റ് നടത്തിയിരുന്നുവെങ്കിലും ഭര്‍ത്താവിന് തീരെ വയ്യാതായതോടെ ജോലിക്ക് പോകുവാനും കഴിയുന്നില്ല. രാഘവനെ പരിചരിച്ചു ജീവിതത്തിന്റെ നല്ലകാലം അയവിറക്കുമ്പോള്‍ ബേബിയുടെ കണ്ണുനിറക്കുന്നു.

വിട്ടുമാറാത്ത ചുമയ്‌ക്കൊപ്പം കടുത്ത പനി കൂടി വന്നതോടെ മൂന്ന് മാസം മുമ്പ്  രാഘവനെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും തുടര്‍ചികിത്സയ്ക്ക് പണം തികയാതെ വന്നപ്പോള്‍ ഡിസ്ചാര്‍ജ് വാങ്ങി രാഘവനെ തിരികെ വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു. ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് മഞ്ചേശ്വരത്തെ ഏജന്‍സിയില്‍ നിന്നു മാസ വാടകയ്ക്ക് ഓക്‌സിജന്‍ യൂണിറ്റ് വാങ്ങി വീട്ടില്‍ സജ്ജീകരിച്ചത്. ഇതിന്റെ സഹായമില്ലാതെ 10 മിനുട്ടില്‍ അധികം ശ്വസിക്കാന്‍ രാഘവന് കഴിയില്ല. യൂണിറ്റിന്റെ വാടക തന്നെ മാസം ഒന്‍പതിനായിരത്തോളം രൂപ വരും. 

നാട്ടുകാര്‍ പിരിവെടുത്തും വീട്ടുടമ വാടക ഒഴിവാക്കിയും സഹായിക്കുന്നതിനാല്‍ ഇത്രയും കാലം തുടര്‍ന്നു. വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിക്കണമെന്നും ചികില്‍സയ്ക്ക് 10 ലക്ഷം രൂപ ചെലവു വരുമെന്ന് ബേബി  പറയുന്നു.

വൈദ്യുതി മുടക്കമുള്ള നേരങ്ങളില്‍ ഇന്‍വര്‍ട്ടറിലും ഇന്‍വര്‍ട്ടറിലെ ചാര്‍ജ് തീരുമ്പോള്‍ മുറിയില്‍ സ്ഥാപിച്ച കൂറ്റന്‍ ഓക്‌സിജന്‍ സിലിണ്ടറുമായി ബന്ധിപ്പിച്ചുമാണ് ബേബിയും മകളും രാഘവന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. പത്രണ്ട് വര്‍ഷം അബുദാബിയില്‍ ജോലി ചെയ്ത് നേടിയ സമ്പത്തുമുഴുവന്‍ രാഘവന്റെ വിധി അപഹരിച്ചു..
ചികിത്സയ്ക്ക് വേണ്ടി ഉള്ളതെല്ലാം വിറ്റു പെറുക്കിയ ഈ കുടുംബം ഇപ്പോള്‍ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടു പോകുമെന്ന ആശങ്കയിലാണ്.
 

Follow Us:
Download App:
  • android
  • ios