യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റുന്ന കാര്യത്തിൽ തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും നേരത്തെ ധാരണയിലെത്തിയിരുന്നതായി പുടിൻ ചൂണ്ടിക്കാട്ടി
മോസ്കോ: യു എസ്-ഇസ്രയേൽ ഇറാൻ സംഘർഷ സാഹചര്യത്തിൽ ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം താൽപര്യമെങ്കിൽ സൂക്ഷിക്കാൻ റഷ്യ തയ്യാറാണെന്ന് വ്ലാഡിമിർ പുടിൻ. 2015-ൽ സമാനമായ രീതിയിൽ യുറേനിയം ശേഖരം റഷ്യയിലേക്ക് മാറ്റിയിട്ടുണ്ടെന്നും വേണമെങ്കിൽ ഇനിയും തയ്യാറാണെന്നും റഷ്യ വ്യക്തമാക്കി. മോസ്കോയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അന്താരാഷ്ട്ര തലത്തിൽ വലിയ സ്വാധീനമുണ്ടാക്കിയേക്കാവുന്ന വെളിപ്പെടുത്തൽ.

യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റുന്ന കാര്യത്തിൽ തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും നേരത്തെ ധാരണയിലെത്തിയിരുന്നതായി പുടിൻ ചൂണ്ടിക്കാട്ടി. എന്നാൽ പിന്നീട് അമേരിക്ക നിലപാട് കടുപ്പിക്കുകയും യുറേനിയം തങ്ങളുടെ ഭൂപ്രദേശത്തേക്ക് മാത്രമേ മാറ്റാവൂ എന്ന് നിർബന്ധം പിടിക്കുകയായിരുന്നു. ഇതോടെ ഇറാനും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതാണ് നിലവിലെ സ്തംഭനാവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയത്തിൽ വാഷിംഗ്ടണുമായും ടെഹ്റാനുമായും റഷ്യ നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും നിലവിലെ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പുടിന്റെ പ്രസ്താവനയോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


