കോഴിക്കോട്: റാഗിംഗിനെ എതിര്‍ത്തതിന്‍റെ പേരില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് വടകരയിലെ പാരലല്‍കോളേജ് വിദ്യാര്‍ത്ഥി വിഷ്ണുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വടകര പോലീസ് കേസെടുത്തു.

വടകര അന്‍സാര്‍ പാരലല്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയാണ് വിഷ്ണു. പ്ലസ്‍വണ്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യാനുള്ള പ്ലസ് ടുവിദ്യാര്‍ത്ഥികളുടെ ശ്രമം തടഞ്ഞതാണ് മര്‍ദ്ദനമേല്‍ക്കാന്‍ കാരണമെന്ന് വിഷ്ണു പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കോളേജില്‍ നടന്ന സംഭവത്തില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് തന്നോട് വൈരാഗ്യമുണ്ടായതായി വിഷ്ണു പറയുന്നു. ഇന്ന് കോളേജിലേക്ക് വരുംവഴി ഒരു കൂട്ടം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകഗയായിരുന്നുവെന്നാണ് വിഷ്ണുവിന്‍റെ പരാതി.

പരാതിയില്‍ 6 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തതായി വടകര പോലീസ് അറിയിച്ചു. വടകര ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ചികിത്സയിലാണ് വിഷ്ണു.

റാഗിംഗിനെ തുടര്‍ന്ന് വടകരയില്‍ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ബിരുദ വിദ്യാര്‍ത്ഥി ഒരാഴ്ച മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു.