തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജില്‍  റാഗിംഗെന്ന് പരാതി. മൂന്ന് മൂന്നാം വർഷ വിദ്യാർത്ഥികള്‍ക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഒന്നാം വർഷ വിദ്യാർത്ഥിയായ വിദ്യാർത്ഥിയെ മൂന്നു സീനിയർ വിദ്യാർത്ഥികള്‍ ചേർന്നാണ് മർദ്ദിച്ചത്. ഹോസ്റ്റിലും പുറത്തും വച്ച് സ്ഥിരമായി മർദ്ദിക്കുമെന്ന് കൊല്ലംസ്വദേശിയായ വിദ്യാർത്ഥിയുടെ പരാതിയിൽ പറയുന്നു.

ഉച്ചയോടെ വിദ്യാർത്ഥിയെ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ വച്ച് മർദ്ദിക്കുന്നത് ചിലർ കണ്ടിരുന്നു. ഇവരാണ് ഒന്നാം വർഷക്കാരനെ  സീനിയർ വിദ്യാർത്ഥികളിൽ നിന്നും രക്ഷിക്കുകയും പൊലീസിനെയും രക്ഷിതാക്കളെയും വിവരമറിയിക്കുകയും ചെയ്തത്. രക്ഷിതാവെത്തി പ്രിൻസിപ്പലിന് പരാതി നൽകി.  മർദ്ദിച്ചതിൽ ഒരു വിദ്യാർത്ഥിയുടെ പേരുമാത്രമാണ് പരാതിയിലുള്ളത്. മറ്റ് രണ്ടുപേരെ കണ്ടാലറിയമെന്നാണ് പരാതിയില്‍ പറയുന്നത്. പ്രിൻസിപ്പൽ കൈമാറിയ പരാതിയുടെ അടിസ്ഥാനത്തിൽ റാഗിംഗിന് കേസെടുത്തതായി മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു.