ബെംഗളൂരു: റിയർ വ്യൂ മിറർ നോക്കിയാണ് പ്രധാനമന്ത്രി വണ്ടി ഓടിക്കുന്നതെന്ന് രാഹുൽ ഗാന്ധി. അങ്ങനെ വണ്ടി ഓടിക്കുമ്പോള്‍ പല അപകടങ്ങളും സംഭവിക്കും. അങ്ങനെ ഉണ്ടായതാണ് നോട്ട് നിരോധനവും ജിഎസ്ടിയുമെന്ന് ബെല്ലാരിയിലെ കോൺഗ്രസ്‌ റാലിയിൽ രാഹുൽ ഗാന്ധി.

എങ്ങനെ വണ്ടി ഓടിക്കണമെന്ന് മോദി സിദ്ധരാമയ്യയുടെ അടുത്തുവന്നു പഠിക്കണമെന്നും രാഹുൽ പറഞ്ഞു.
കര്‍ണ്ണാടകത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തിയത്.

നാല് ദിവസം നീളുന്ന രാഹുൽഗാന്ധിയുടെ പ്രചാരണ പരിപാടിയിൽ പ്രധാനം ക്ഷേത്രങ്ങളും മഠങ്ങളും സന്ദർശിക്കലാണ്. ബെല്ലാരിയിൽ ദളിത് പിന്നാക്ക റാലിയോടെയാണ് തുടക്കമെങ്കിലും കോപ്പാളിലും തുംകുരുവിലും കൽബുർഗിയിലും ക്ഷേത്ര സന്ദർശനമാണ് മുഖ്യം.

കോപ്പാളിൽ ഹുളിങ്കമ്മ ക്ഷേത്ര സന്ദർശനം. പ്രത്യേക മതപദവി ആവശ്യപ്പെട്ട് സമരമുഖത്തുളള ലിംഗായത്ത് സമുദായത്തെ ഒപ്പം കൂട്ടാനാണ് തുകുരുവിലേക്കുളള യാത്ര. അവിടെ സിദ്ധേശ്വര മഠത്തിൽ രാഹുലെത്തും. ബിജെപിയോട് ലിംഗായത്തുകൾക്ക് പഴയ മമതയില്ലാത്തത് തങ്ങളെ തുണയ്ക്കുമെന്ന് കോൺഗ്രസ് കരുതുന്നു.