നവംബര്‍ 13ന് സുപ്രീം കോടതിയില്‍ നിന്ന് അനുകൂലമായ ഒരു വിധി കിട്ടുമെന്ന് നിരീശ്വരവാദികള്‍ക്ക് അറിയാം. താന്‍ രക്തം ഇറ്റിക്കുമെന്ന പറഞ്ഞുവെന്ന് ചില കപട പുരോഗമന വാദികള്‍ പ്രചരിപ്പിക്കുകയാണ്

തിരുവനന്തപുരം: തന്‍റെ വാക്കുകളെ വളച്ചൊടിച്ചാണ് ദേവസ്വം മന്ത്രി തന്നെ രാജ്യദ്രോഹിയാക്കിയതെന്ന് രാഹുല്‍ ഈശ്വര്‍. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ അല്ലെങ്കില്‍ നവംബര്‍ അഞ്ചിനുള്ളില്‍ ഫെമിനിസ്റ്റുകളെ ശബരിമലയില്‍ കയറ്റി 13ന് വിളിക്കുന്ന കേസ് തോല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ദേവസ്വം മന്ത്രി നടത്തുന്നത്.

അതിന്‍റെ ഭാഗമായാണ് രാഹുല്‍ ഈശ്വര്‍ രാജ്യദ്രോഹിയാണ്, രാഹുല്‍ ഈശ്വര്‍ രക്തം ഇറ്റിക്കുമെന്നെ് പറഞ്ഞു എന്നെല്ലാം പറയുന്നത്. തന്‍റെ വാക്കുകളെ മനപൂര്‍വം ദുര്‍വ്യാഖാനം ചെയ്യുന്നു. അങ്ങനെയെങ്കിലും നടയടയ്ക്കുമെല്ലോ എന്ന് കരുതി ഇരുപത് പേരോളം രക്തം ഇറ്റിക്കാന്‍ തയാറായി ശബരിമലയില്‍ നിന്നു.

ചില ഭക്തര്‍ ഇത് എന്നെ ഫോണില്‍ വിളിച്ച് പറഞ്ഞു. എന്നാല്‍, അത് വേണ്ടായെന്ന് പറഞ്ഞ എന്നെ ഇപ്പോള്‍ രാജ്യദ്രോഹി ആക്കുകയാണ്. പത്ത് ദിവസത്തിനുള്ള തന്നെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാനാണ് നോക്കുന്നത് . താനടക്കമുള്ള വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ പോകുന്നുണ്ട്.

ചിലരെ അറസ്റ്റ് ചെയ്തു കഴിഞ്ഞു. എന്നാലും ഈ ധര്‍മ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. നവംബര്‍ 13ന് സുപ്രീം കോടതിയില്‍ നിന്ന് അനുകൂലമായ ഒരു വിധി കിട്ടുമെന്ന് നിരീശ്വരവാദികള്‍ക്ക് അറിയാം. താന്‍ രക്തം ഇറ്റിക്കുമെന്ന പറഞ്ഞുവെന്ന് ചില കപട പുരോഗമന വാദികള്‍ പ്രചരിപ്പിക്കുകയാണ്.

ഇനി എത്രനാള്‍ ജയിലില്‍ കിടന്നാലും നമ്മള്‍ തിരിച്ചുവരും. ജാതിയുടെ പേരില്‍ വിശ്വാസികളെ തമ്മിലടിപ്പിക്കാന്‍ നോക്കുന്നുണ്ട്. രാഹുല്‍ ഈശ്വറിനെതിരെയുള്ള നീക്കമല്ല, എല്ലാ അയ്യപ്പ വിശ്വാസികള്‍ക്കെതിരെയാണ്. എഡിറ്റ് ചെയ്ത വീഡിയോ വച്ച് ആക്രമിക്കാന്‍ നോക്കുന്നുവെന്നും ഫേസ്ബുക്ക് ലെെവില്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. നവംബര്‍ അഞ്ചിന് വേണ്ടി എല്ലാവരും തയാറാകണമെന്നും അതിന് മുന്‍പ് തന്നെ എല്ലാവരും ശബരമലയില്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു.