നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ബിജെപി നിഷേധിച്ചു. പാർട്ടിയുടേതെന്ന പേരിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജമാണെന്നും, സുതാര്യമായ ഓഡിറ്റിംഗ് പൂർത്തിയാക്കിയെന്നും നേതൃത്വം വ്യക്തമാക്കി.
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റേതെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും പ്രചരിക്കുന്ന 'ബിജെപിയുടെ ഓഫിസ് സർക്കുലർ' സത്യവിരുദ്ധമാണെന്ന് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള സാമ്പത്തിക ക്രമക്കേടുകളും പാർട്ടിയിൽ നടന്നതായി എവിടെയും കണ്ടെത്തിയിട്ടില്ലെന്നും ബിജെപി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽത്തന്നെ ദേശീയ തലം മുതൽ സംസ്ഥാന, ജില്ല, നിയോജക മണ്ഡലം തലത്തിൽ വരെ പാർട്ടി ഓഡിറ്റിംഗ് ഭംഗിയായി പൂർത്തീകരിച്ച പാർട്ടിയാണ് ബി.ജെ.പിയെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി. തീർത്തും സുതാര്യമായ സംവിധാനത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കേരളത്തിൽ പൂർത്തീകരിച്ചത് എന്നതിന്റെ തെളിവാണ്, ചരിത്രത്തിലാദ്യമായി മൂന്ന് എം.എൽ.എമാരെ നിയമസഭയിലേക്ക് വിജയിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചതെന്നും പറയുന്നു.
ഇക്കാര്യത്തിൽ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി തന്നെ നേരിട്ട് പാർട്ടി നേതാക്കളെയും പ്രവർത്തകരേയും അനുമോദിച്ചു. ബി.ജെ.പിയുടെ വളർച്ചയിലും നേതൃമികവിലും അസൂയാലുക്കളായ ദേശവിരുദ്ധ ശക്തികൾ പടച്ചു വിടുന്ന വ്യാജ വാർത്തകൾക്കെതിരെ പാർട്ടി പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും ഒരു ജനാധിപത്യ പാർട്ടിക്കുള്ളിൽ വിവിധ തലങ്ങളിൽ പലവിധ അച്ചടക്ക നടപടികളും സാധാരണമാണെന്നും പാർട്ടിയുടെ ആഭ്യന്തര കാര്യമെന്ന നിലയിൽ ഇത് പൊതുസമൂഹത്തെയോ മാധ്യമങ്ങളെയോ ബാധിക്കുന്നതല്ലെന്നും വാർത്താകുറിപ്പിൽ പറയുന്നു. ഇത്തരം വ്യാജവാർത്തകൾ ചമയ്ക്കുന്നവരേയും പ്രചരിപ്പിക്കുന്നവരേയും നിയമപരമായി നേരിടുമെന്നും മുന്നറിയിപ്പ് നൽകി.
