Asianet News MalayalamAsianet News Malayalam

സഹാറയും ബിര്‍ളയും പണം നല്‍കി, മോദിക്കെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി

Rahul Gandhi
Author
New Delhi, First Published Dec 21, 2016, 1:19 PM IST

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി സഹാറ ബിര്‍ള കമ്പനികളില്‍ നിന്ന്  നാല്‍പതു കോടി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ഹെലികോപ്റ്റര്‍ ഇടപാടില്‍ കുടുംബം കുടുങ്ങുമെന്ന പേടിയാണ് രാഹുല്‍ ഗാന്ധിക്കെന്ന് ബിജെപി പ്രതികരിച്ചു. പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ നല്കിയ പരാതിയിലെ വിവരങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്.

പ്രധാനമന്ത്രി വ്യക്തിപരമായ അഴിമതി നടത്തിയെന്നും തന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ് ഭൂകമ്പം ഉണ്ടാകുമെന്നും പാര്‍ലമെന്റില്‍ പറഞ്ഞ് ഒരാഴ്ചയ്‌ക്കു ശേഷമാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം സംസാരിക്കുന്നത്. ഗുജറാത്തിലെ മെഹസാനയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ കമ്പനിയില്‍ നിന്ന് മോദി ഒമ്പത് തവണ കൈക്കൂലി വാങ്ങിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

2013 ഒക്ടോബര്‍ 30നും 2014 ഫെബ്രുവരി 22നും ഇടയ്‌ക്ക് നരേന്ദ്ര മോദിക്ക് പണം നല്കിയെന്ന് സഹാറ സമ്മതിച്ചെന്നും ആദായനികുതി വകുപ്പ് തെളിവുകള്‍ കണ്ടില്ലെന്ന് വയ്‌ക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. സുപ്രീംകോടതി തള്ളിയ ആരോപണമാണ് രാഹുല്‍ ഉന്നയിക്കുന്നതെന്നും അഗസ്റ്റാ വെസ്റ്റ്‍ലന്‍ഡ് ഇടപാടില്‍ കുടുംബം പിടിക്കപ്പെടുമെന്ന പേടിയാണ് രാഹുലിനെന്നും ബിജെപി പ്രതികരിച്ചു. മോദി ഗംഗ പോലെ പരിശുദ്ധനാണെന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

മോദി ഗംഗയാണെങ്കില്‍ അത് അശുദ്ധമാണെന്നും എന്തുകൊണ്ട് സിബിഐ  വിവരം അന്വേഷിച്ചില്ലെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല തിരിച്ചടിച്ചു. പ്രശാന്ത് ഭൂഷണ്‍ നേരത്തെ സുപ്രീംകോടതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‌കിയ പരാതിയിലെ വിവരങ്ങളാണ് രാഹുല്‍ ഗാന്ധി ഇന്ന് ആവര്‍ത്തിച്ചത്. അന്വേഷണത്തിന് ഉത്തരവിടാന്‍ മാത്രം തെളിവില്ലെന്ന് സുപ്രീംകോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു. പഴയ വിവരങ്ങള്‍ പറയാനാണെങ്കില്‍ രാഹുല്‍ ഗാന്ധി ഇത്രയും ബഹളം ഉണ്ടാക്കി വിശ്വാസ്യത കളയേണ്ടിയിരുന്നില്ലെന്ന അഭിപ്രായം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ട്.

Follow Us:
Download App:
  • android
  • ios