എ.ഐ.സി.സി സമ്മേളനം ഇന്ന് അവസാനിക്കും രാഹുൽ ഗാന്ധി ഇന്ന് പ്രസംഗിക്കും
ദില്ലി: ലോകസഭതെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള അഹ്വാനവുമായി എ.ഐ.സി.സി സമ്മേളനം ഇന്ന് സമാപിക്കും. മാറ്റത്തിലേക്ക് എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്ന സമ്മേളനത്തിൽ പുതിയ പ്രവര്‍ത്തക സമിതി അംഗങ്ങളെ തീരുമാനിക്കും. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തോടെയാകും സമാപനം. പാർട്ടിയുടെ നയത്തിലും സമീപനത്തിലും മാറ്റം വരുത്തണമെന്ന് ടിഎൻ പ്രതാപനും, മാത്യു കുഴൽനാടനും സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
എ.ഐ.സി.സി സമ്മേളനത്തിൽ പി.ചിദംബരം ഇന്ന് സാമ്പത്തിക പ്രമേയവും ആനന്ദ് ശര്‍മ്മ അന്താരാഷ്ട്ര നയം സംബന്ധിച്ച പ്രമേയവും അവതരിപ്പിക്കും. ഇതിന്മേലുള്ള ചര്‍ച്ചക്ക് ശേഷം 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള രാഹുൽ ഗാന്ധിയുടെ അഹ്വാനത്തോടെയാകും സമ്മേളനം അവസാനിക്കുക. ദേശീയ തലത്തിൽ വിശാല സഖ്യത്തിന് ശ്രമിക്കുന്ന കോണ്‍ഗ്രസ് സാമ്പത്തിക നയത്തിലടക്കം മാറ്റം വരുത്താൻ തയ്യാറാകണമെന്ന നിലപാട് ഇടതുപക്ഷ പാര്‍ടികൾക്കുണ്ട്. സാമ്പത്തിക പ്രമേയം അവതരിപ്പിക്കാൻ പി.ചിദംബരത്തെ തന്നെ ചുമതലപ്പെടുത്തിയതിലൂടെ സാമ്പത്തിക നയത്തിൽ യാതൊരു മാറ്റവും കോണ്‍ഗ്രസ് വരുത്തില്ലെന്ന സൂചന കൂടി നൽകുന്നു.
സാമ്പത്തിക പ്രമേയത്തെ വി.ഡി.സതീശൻ പിന്തുണക്കും. ഇന്നലെ രാഷ്ട്രീയ പ്രമേയത്തിലും കാര്‍ഷിക പ്രമേയത്തിന്മേലും നടന്ന ചര്‍ച്ചകളിൽ കേരളത്തിൽ നിന്ന് ശശി തരൂര്‍, ടി.എൻ.പ്രതാപൻ, മാത്യു കുഴൽനാടൻ എന്നിവര്‍ സംസാരിച്ചിരുന്നു. സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനത്തിൽ മാത്രം രാജ്യപുരോഗതി നിശ്ചയിക്കുന്ന കോണ്‍ഗ്രസിന്‍റെ നയം തിരുത്തണമെന്ന് ടി.എൻ.പ്രതാപൻ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നടപ്പാക്കിയ നല്ല പദ്ധതികൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്ന് മാത്യുകുഴൽ നാടൻ കുറ്റപ്പെടുത്തി. മാറ്റം ലക്ഷ്യം വെക്കുന്ന രാഹുൽ ഗാന്ധി പുതിയ പ്രവര്‍ത്തക സമിതിയിലും ആ മാറ്റത്തിന് ശ്രമിച്ചേക്കും.
യുവാക്കൾക്ക് വലിയ പ്രാതിനിധ്യം ഉണ്ടാകാനാണ് സാധ്യത. 25 അംഗ പ്രവര്‍ത്തക സമിതിയിൽ 12 അംഗങ്ങളെയാണ് സമ്മേളനം തെരഞ്ഞെടുക്കേണ്ടത്. ഇവരെ നോമിനേറ്റ് ചെയ്യാൻ സമ്മേളനം രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തിയേക്കും. എ.കെ.ആന്‍റണിക്ക് പുറമെ കെ.സി. വേണുഗോപാൽ കൂടി പ്രവര്‍ത്തക സമിതിയിൽ തുടരാനാണ് സാധ്യത. കേരളത്തിൽ നിന്ന് മുതിര്‍ന്ന നേതാക്കളിൽ ആരെയെങ്കിലും ഒരാളെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്താനുള്ള സാധ്യതയും ഉണ്ട്.
