സഹോദരി പ്രിയങ്ക ഗാന്ധിയുടെയും മക്കളുടെയും ഒപ്പം ഷിംലയിലാണ് രാഹുലിന്‍റെ അവധി ആഘോഷങ്ങള്‍. ചൊവ്വാഴ്ചയാണ് രാഹുല്‍ ഷിംലയില്‍ എത്തിയത്

ഷിംല: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും വിജയം നേടി ദേശീയ രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. പപ്പുവെന്ന് വിളിച്ച് കളിയാക്കിയിരുന്നവര്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധിയെന്ന നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം കാരണമായി.

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇതോടെ ബിജെപിക്ക് കാര്യങ്ങള്‍ അത്ര നിസാരമായിരിക്കില്ല എന്ന ബോധ്യമുണ്ടാക്കാനും രാഹുലിന്‍റെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. വലിയ പോരാട്ടങ്ങളുടെ അരങ്ങുണരും മുമ്പ് രാഹുല്‍ അവധി ആഘോഷിക്കുകയാണ് ഇപ്പോള്‍.

സഹോദരി പ്രിയങ്ക ഗാന്ധിയുടെയും മക്കളുടെയും ഒപ്പം ഷിംലയിലാണ് രാഹുലിന്‍റെ അവധി ആഘോഷങ്ങള്‍. ചൊവ്വാഴ്ചയാണ് രാഹുല്‍ ഷിംലയില്‍ എത്തിയത്. ബുധനാഴ്ച ദാബയിലെത്തി ചായയും മാഗിയും കഴിച്ച രാഹുലിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. വ്യാഴാഴ്ച ഭിന്നശേഷിയുള്ള കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ രാഹുലും കുടുംബവും സന്ദര്‍ശിച്ചു.

ഇവിടുത്തെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കൊപ്പം ചെസ്സും കളിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്. ചാരാബ്രയില്‍ നിര്‍മാണത്തിലുള്ള പ്രിയങ്ക ഗാന്ധിയുടെ വീട് കാണാനാണ് രാഹുല്‍ ഷിംലയിലെത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

എന്നാല്‍, രാഹുല്‍ ഗാന്ധി ഷിംലയില്‍ എത്തുമെന്ന് തനിക്ക് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് ഹിമാചല്‍ പ്രദേശ് പിസിസി അധ്യക്ഷന്‍ സുഖ്‍വീന്ദര്‍ സുഖു പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിനും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞക്കും ശേഷമാണ് അവധി ആഘോഷിക്കാനായി രാഹുല്‍ ഷിംലയിലേക്ക് പോയത്.