ന്യൂഡല്‍ഹി: ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ്യനാവുകയുള്ളു എന്ന് സൂചിപ്പിച്ച് കോൺഗ്രസ്. അതേസമയം മോദി തരംഗം അവസാനിച്ചെന്നും ഇന്ത്യയെ നയിക്കാൻ രാഹുൽ പ്രാപ്തനാണെന്നും പറഞ്ഞ ശിവസേനയെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്തെത്തി. ഇങ്ങനെ മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്കമാക്കിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് സഖ്യം തുടരണോ എന്ന് സേന ഉടൻ തീരുമാനിക്കണമെന്ന് അന്ത്യശാസനം നൽകി.
ഈമാസം അവസാനം രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു ഇതുവരെ പുറത്തുവന്ന വാർത്തകൾ. എന്നാൽ ഗുജറാത്തിലെയും ഹിമാചലിലേയും തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനം ഉണ്ടാകു എന്ന് കോൺഗ്രസ് വക്താവ് അജയ് മാക്കൻ വ്യക്തമാക്കി. പാർട്ടി തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറിയെന്നും ഈവർഷം അവസാനത്തോടെ രാഹുലിന്റെ അധ്യക്ഷപദവിയിൽ കോൺഗ്രസിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നും അജയ് മാക്കൻ പറഞ്ഞു.
അതേസമയം മോദിയെ ഇകഴ്ത്തി രാഹുൽഗാന്ധിയെ പ്രശംസിച്ച ശിവസേന വക്താവ് സഞ്ജയ് റാവത്തിനെതിരെ ബിജെപി രംഗത്തെത്തി. രണ്ടു വള്ളത്തിൽ കാലുവെച്ചുള്ള സഞ്ചാരം ഇനി നടക്കില്ലെന്നും ഉദ്ദവ് താക്കറെ രണ്ടിലൊന്നു ഉടൻ തീരുമാനിക്കണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് തറപ്പിച്ചുപറഞ്ഞു. സർക്കാരിന്റെ എല്ലാ തീരുമാനവും ശിവസേന എതിർക്കുകയാണ്. ഭരണത്തിലിരുന്നുകൊണ്ട് പ്രതിപക്ഷത്തിന്റെ പണിയെടുക്കാൻ സേനയെ അനുവദിക്കില്ലെന്നും ഫട്നവിസ് വ്യക്തമാക്കി. മോദി തരംഗം അവസാനിച്ചെന്നും രാഹുൽ ഗാന്ധി രാജ്യം ഭരിക്കാൻ പ്രാപ്തനാണെന്നും സഞ്ജയ് റാവത്ത് ഇന്നലെ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞതാണ് ബിജെപിയെ ചൊടിപ്പിച്ചത്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് രംഗത്തും സഞ്ചയ് റാവത്തിന്റെ വാക്കുകൾ വലിയ ചർച്ചയായി. മോദിയുടെ ജനസമ്മിതി കുറയുന്നുവെന്ന് സഖ്യകക്ഷിയായ ശിവസേന തന്നെ തുറന്നുപറയുമ്പോൾ മോദിയെ ചൂണ്ടിക്കാട്ടി വോട്ടുചോദിക്കുന്ന ബിജെപി അങ്കലാപ്പിലായിരിക്കുകയാണ്. പ്രതിപക്ഷത്തുനിന്നുപോലും പിന്തുണ കിട്ടുന്ന സാഹചര്യത്തിൽ ഗുജറാത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന റാലികളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് കോൺഗ്രസ് ആലോചന.
