ദില്ലി: ഛത്തീസ്ഗഡിൽ നിയമസഭ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപരനെ പ്രചരണത്തിൽ പങ്കെടുപ്പിച്ച് കോൺഗ്രസ്. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞടുപ്പ് ക്യാംപെയ്‌നിലാണ് മോദിയുടെ അപരനായ അഭിനന്ദന്‍ പഥക്  പങ്കെടുത്തത്.

അഭിനന്ദന്‍ പഥകിനൊപ്പം എടുത്ത ഫോട്ടോ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്.‘നോക്കൂ... ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിനായി പ്രചരണം നടത്തുന്നതാരാണെന്ന്’ എന്ന അടിക്കുറുപ്പോടെയാണ് രാഹുൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് മിനിട്ടുകൾക്കകം തന്നെ അര ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. മോദിയുടെ അതേ വേഷ പകർച്ചയിലാണ് അഭിനന്ദന്‍ പ്രചരണത്തിനെത്തിയത്. അഭിനന്ദന്‍ ധരിച്ചിരുന്ന ജാക്കറ്റിൽ നേരത്തെ ഉണ്ടായിരുന്ന താമര ചിഹ്നത്തിന് പകരം കൈപ്പത്തി ചിഹ്നം സ്ഥാനം പിടിച്ചിരുന്നു.

2014ലെ ലോക്സഭ തെരഞ്ഞടുപ്പോടെയാണ് അഭിനന്ദന്‍ പഥക്  മാധ്യമ ശ്രദ്ധ നേടുന്നത്. ബി.ജെ.പിക്കൊപ്പം എന്‍.ഡി.എയിലുള്ള ആര്‍.പി.ഐ പാർട്ടിയുടെ നേതാവായിരുന്നു അഭിനന്ദന്‍. എന്നാൽ തെരഞ്ഞെടുപ്പ് വേളയിൽ മോദി പ്രഖ്യാപിച്ച അച്ഛാ ദിന്‍ വന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് അഭിനന്ദന്‍  കഴിഞ്ഞ മാസം കോൺഗ്രസിൽ ചേരുകയായിരുന്നു.

അതേസമയം ഛത്തീസ്ഗഡിൽ  ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളിൽ കർശന സുരക്ഷയാണ്  ഏർപ്പെടുത്തിട്ടുള്ളത്. ആകെയുള്ള 90 സീറ്റില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങള്‍ മാത്രം തെരഞ്ഞെടുത്താണ് ആദ്യ ഘട്ട പോളിംഗ്. മാവോയിസ്റ്റ് സാന്നിധ്യം ഏറ്റവും രൂക്ഷമായ ബസ്തറിലെ 12 ഉം രാജ്നന്ദഗാവ് ജില്ലയിലെ ആറും സീറ്റുകളാണിവ. വോട്ട് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് മിക്കയിടത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.