രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചു; വൈറലായത് വിദ്യാര്‍ഥിനിക്കൊപ്പമുള്ള സെല്‍ഫി

മൈസൂരു: കര്‍ണാടകയില്‍ വരാനിരക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ വേളയില്‍ മോദിക്കെതിരെയും കേന്ദ്രസര്‍ക്കാറിനെതിരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രൂക്ഷമായി വിമര്‍ശിച്ച വാര്‍ത്ത മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ തന്നെ വാര്‍ത്തയാക്കി. 

എന്നാല്‍ ഇതൊന്നുമല്ല സോഷ്യല്‍ മീഡിയയില്‍ രാഹുലിനെ ഇപ്പോള്‍ വൈറലാക്കിയിരിക്കുന്നത്. തന്‍റെ പ്രസംഗത്തിന് ശേഷം വിദ്യാര്‍ഥിനികളുമായി നടത്തിയ സംവാദത്തിനിടെ ഒരു വിദ്യാര്‍ത്തിനി ആവശ്യപ്പെട്ടപ്പോള്‍ വേദിയില്‍ നിന്ന് ഇറങ്ങി സെല്‍ഫിയെടുക്കുന്ന ദൃശ്യങ്ങളാണ്. 

വിദ്യാര്‍ഥിനികളുമായുള്ള സംവാദത്തിനിടെ ഒരു പെണ്‍കുട്ടി സെല്‍ഫിയെടുക്കാന്‍ താല്‍പര്യമുണ്ടെന്നറിയിച്ചു. സുരക്ഷാ ജീവനക്കാരുടെ ഇടയിലൂടെ സദസിലേക്കിറങ്ങി വന്ന് രാഹുല‍് ഗാന്ധി സെല്‍ഫിക്ക് പോസ് ചെയ്തു. തിരിച്ച് വീണ്ടും വേദയിലേക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മൈസൂര്‍ മഹാറാണി വനിതാ ആര്‍ട്സ് കോളജില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

യുവസംരഭകര്‍ക്ക് ഉപയോഗപ്പെടുത്തേണ്ട പണമാണ് നീരവ് മോദിയെ പോലുള്ളവര്‍ തട്ടിച്ചു കൊണ്ടുപോകുന്നതെന്നും, സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.