തെരഞ്ഞെടുപ്പ് വിജയത്തിലെ സന്തോഷമറിയിച്ച പ്രവര്‍ത്തകരോട് ഹിമാചലിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ കുറിച്ച് രാഹുല്‍ ആരാഞ്ഞു. കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ അവരെ അഭിവാദ്യം ചെയ്ത ശേഷം വീണ്ടും യാത്ര തുടര്‍ന്നു
ഷിംല: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം അവധിയാഘോഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഹിമാചല്‍ പ്രദേശില്‍. സഹോദരി പ്രിയങ്ക ഗാന്ധിക്കും പ്രിയങ്കയുടെ കുട്ടികള്‍ക്കുമൊപ്പമാണ് രാഹുലിന്റെ യാത്ര.
മാസങ്ങളായുള്ള വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും കൈപ്പത്തി പതിപ്പിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി ചെറിയൊരു ഇടവേളയിലേക്ക് കടക്കുന്നത്. ചൊവ്വാഴ്ചയാണ് സഹോദരിക്കും കുട്ടികള്‍ക്കുമൊപ്പം റോഡ് മാര്‍ഗം യാത്ര തിരിച്ചത്.
ഇടയ്ക്ക് സോളനില്‍ ചായയും പലഹാരവും കഴിക്കാനായി കാര്‍ നിര്‍ത്തിയപ്പോള്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രിയനേതാവിനെ കാണാന്‍ ഓടിയെത്തി. ചായയും മാഗി ന്യൂഡില്‍സും പലഹാരങ്ങളും കഴിച്ച ശേഷം തന്നെ കാണാനെത്തിയവരോട് സംസാരിക്കാനും രാഹുല്‍ സമയം കണ്ടെത്തി.
തെരഞ്ഞെടുപ്പ് വിജയത്തിലെ സന്തോഷമറിയിച്ച പ്രവര്‍ത്തകരോട് ഹിമാചലിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ കുറിച്ച് രാഹുല്‍ ആരാഞ്ഞു. കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ അവരെ അഭിവാദ്യം ചെയ്ത ശേഷം വീണ്ടും യാത്ര തുടര്‍ന്നു.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള യാത്രയിലാണ് താനെന്ന് രാഹുല്‍ പറഞ്ഞതായി പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ യാതൊരു വിവരവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഹിമാചല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സുഖ്വീന്ദർ സുഖു അറിയിച്ചു.
