ദില്ലി/ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി.
ബിജെപി ഉയര്‍ത്തി വിടുന്ന ഹിന്ദുത്വ ഭീകരത, ബീഫ് തുടങ്ങിയ വിഷയങ്ങളെ ഏറ്റെടുക്കാന്‍ നില്‍ക്കരുതെന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത് ബിജെപിയുടെ തന്ത്രമാണെന്നും ഇതുവഴി മറ്റു വികസന-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ നിന്നൊഴിവാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും രാഹുല്‍ തന്നെ കാണാനെത്തിയ നേതാക്കളോട് പറഞ്ഞു.
തന്നെ കാണാനെത്തിയ കര്‍ണാടക മുഖ്യമന്ത്രി ജി.സിദ്ധരാമയ്യ, കര്‍ണാടക പിസിസി പ്രസിഡന്റ് ഡോ.ജി.പരമേശ്വര, വര്‍ക്കിംഗ് പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു, ഊര്‍ജ്ജമന്ത്രി ഡി.ശിവകുമാര്‍ തുടങ്ങിയ പ്രമുഖനേതാക്കളോടാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
ബീഫ് കഴിക്കുന്നതിനെക്കുറിച്ചും ഹിന്ദുത്വ ഭീകരതയെക്കുറിച്ചുമുള്ള പ്രസ്താവനകളില്‍ നിന്നും മാറി നില്‍ക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് രാഹുല്‍ ആവശ്യപ്പെട്ടുവെന്ന് കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്ത് ഒരു നേതാവിനെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി താന്‍ കര്‍ണാടകയിലെ പ്രധാന സ്ഥലങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സന്ദര്‍ശനത്തിനെത്തുമെന്നും രാഹുല്‍ നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. ഫിബ്രുവരി പത്തിനാണ് രാഹുല്‍ ഒന്നാം ഘട്ട പര്യടനത്തിനായി കര്‍ണാടകയില്‍ എത്തുന്നത്.
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിന്നും അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ താഴെത്തട്ടില്‍ എന്തു നടക്കുന്ന എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. വിഷയങ്ങള്‍ വഴി തിരിച്ചു വിടുന്നതില്‍ ബിജെപി മിടുക്കരാണെന്നും ആ കെണിയില്‍ പോയി തല വയ്ക്കരുതെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മുതിര്‍ന്നനേതാവായ മണിശങ്കര്‍ അയ്യര്‍ക്കെതിരെ നടപടിയെടുത്തതോടെ രാഹുല്‍ജിക്ക് പണി നന്നായറിയാം എന്ന് ഞങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്.... ഒരു കര്‍ണാടക നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
