തിരുവനന്തപുരം: കേന്ദ്രത്തിലെയും കേരളത്തിലെയും സർക്കാരുകളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായെന്ന് നിയുക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച 'പടയൊരുക്ക'ത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലെ മോദി ഭരണത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സമാനമായ അവസ്ഥയിലാണ് കേരളം. ഇടതുസര്‍ക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.
മൂന്ന് വർഷം മുമ്പ് മോദി അധികാരത്തിലെത്തുമ്പോള്‍ ജനങ്ങൾക്ക് അദ്ദേഹത്തിൽ വിശ്വാസമുണ്ടായിരുന്നു. നോട്ടുനിരോധനത്തിലൂടെയും ആയിരക്കണക്കിനു പേരുടെ തൊഴിലവസരങ്ങൾ മോദി ഇല്ലാതാക്കി. ജനം ബാങ്കുകൾക്കു മുൻവശത്ത് ക്യൂ നിൽക്കുമ്പോൾ കള്ളപ്പണക്കാർ പിൻവാതിലിലൂടെ പോയി കള്ളപ്പണം വെളുപ്പിച്ചു. ജനം മോദിയുടെ വാക്കുകൾ വിശ്വസിച്ചു. എന്നാൽ അദ്ദേഹം പറഞ്ഞതല്ല പ്രവർത്തിച്ചത്.
ഇന്നു വിശ്വാസ്യതയുടെ പേരിലാണ് മോദി സർക്കാർ ഏറ്റവും പ്രതിസന്ധി നേരിടുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഓഖി ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ ലോക്സഭയിലും രാജ്യസഭയിലും ഉന്നയിക്കുമെന്നും രാഹുൽ പറഞ്ഞു.
