2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ പ്രധാനമന്ത്രിയാകുവാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി

ബംഗളൂരു: 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ പ്രധാനമന്ത്രിയാകുവാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി. കോൺഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി താൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രാഹുൽ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. എയർപ്ലെയ്ൻ മോഡിലിടുന്ന മൊബൈൽ ഫോൺപോലെയാണ് മോദിയെന്ന് രാഹുൽ പരിഹസിച്ചു. രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി ഒന്നും മിണ്ടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

അഴിമതിക്കേസിൽപ്പെട്ടയാളെ മാത്രമേ ബിജെപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉ‍യർത്തിക്കാട്ടാൻ കിട്ടിയുള്ളോ എന്നു ചോദിച്ച കോൺഗ്രസ് അധ്യക്ഷൻ കർണാടകത്തിലെ ബിജെപിയുടെ പ്രചരണം നയിക്കുന്നത് കൊലക്കുറ്റം സംബന്ധിച്ച് ആരോപണം നേരിടുന്ന അമിത് ഷായാണെന്നത് പരിതാപകരമാമെന്നും കൂട്ടിച്ചേർത്തു. 

നേരത്തെയും രാഹുല്‍ താന്‍റെ പ്രധാനമന്ത്രി സ്ഥാനത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ സെപ്തംബറിൽ അമേരിക്കയിലെ ബർക്കേലി സർവകലാശാലയിൽ വിദ്യാർഥികളോട് സംവദിക്കവേയാണ് രാഹുൽ പ്രധാനമന്ത്രി പദത്തിലേറാൻ പൂർണ സമ്മതമെന്ന് അറിയിച്ചത്.