'നിങ്ങളെന്നോട് ഇന്ത്യയിലെ സമ്പദ്ഘടനയെ കുറിച്ചോ, വികസനത്തെ കുറിച്ചോ, കൃഷിയെ കുറിച്ചോ ഒക്കെ ചോദിക്കൂ. നിങ്ങളെന്നോട് എന്ത് ചോദിച്ചാലും ഞാൻ മറുപടി പറയും. പക്ഷേ നിങ്ങളുടെ പ്രധാനമന്ത്രിക്ക് ഇതുപോലെ സംസാരിക്കാനാകില്ല'
ലണ്ടന്‍: പേരിന്റെ കൂടെ ഗാന്ധിയെന്ന് കൂടിയുള്ളതിനാല്‍ മറ്റെന്ത് വേണമെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകന് മറുപടി പറഞ്ഞ് രാഹുല്‍ ഗാന്ധി. ലണ്ടനില്‍ മാധ്യമപ്രവര്‍ത്തരുമായി സംവദിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇതിനിടെയാണ് കുടുംബ മഹിമയെ പറ്റിയുള്ള ചോദ്യം വന്നത്.
നിങ്ങള്‍ എന്നെ എന്റെ കഴിവിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തൂവെന്നായിരുന്നു രാഹുലിന്റെ ആദ്യ മറുപടി. 'എന്റെ അച്ഛന്‍ പ്രധാനമന്ത്രിയാകുന്നത് വരെ ഞങ്ങളുടെ കുടുംബത്തിന് യാതൊരു അധികാരവുമുണ്ടായിരുന്നില്ല. മാത്രമല്ല, നിങ്ങളെന്നോട് മറ്റ് വിഷയങ്ങളെ പറ്റി സംസാരിക്കൂ, വിദേശനയങ്ങളെ കുറിച്ച്, വികസനത്തെ കുറിച്ച്, സാമ്പത്തികം, കൃഷി- ഇവയെക്കുറിച്ചൊക്കെ ചോദിക്കൂ. നിങ്ങള്‍ക്ക് ചോദിക്കാനുള്ളതൊക്കെ ചോദിക്കൂ. എന്നിട്ട് എന്നെ വിലയിരുത്തൂ'- രാഹുല്‍ പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതുപോലെ ഇവിടെയിരിക്കാനാകില്ല. അദ്ദേഹത്തിന് ഇതുപോലെ സംസാരിക്കാനുമാകില്ല. അദ്ദേഹം ഇങ്ങനെയുള്ള പരിപാടികളില്‍ പങ്കെടുത്തിട്ടുമില്ല. ഞാന്‍ കഴിഞ്ഞ 14-15 വര്‍ഷമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നു. ആളുകളെ കേള്‍ക്കാനും, അവരുടെ ആശയങ്ങളെ ബഹുമാനിക്കാനും എനിക്കറിയാം. ആര്‍.എസ്.എസ് നിരന്തരം എന്നെ ആക്രമിച്ചുകൊണ്ടിരുന്നത് എനിക്കേറെ ഗുണം ചെയ്തു. തിരിച്ചടികളില്‍ നിന്ന് ഞാനൊരുപാട് പഠിച്ചു. ഇനിയും ഞാനേത് കുടുംബത്തില്‍ നിന്ന് വരുന്നു എന്നത് വച്ചാണോ എന്റെ കഴിവ് വച്ചാണോ എന്നെ വിലയിരുത്തേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കൂ'- രാഹുല്‍ഗാന്ധി പറഞ്ഞു.
