സംവാദത്തിൽ നിന്ന് മോദിക്ക് ഓടിയൊളിക്കാം. എന്നാൽ റഫേലിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കാൻ ആർക്കും സാധിക്കില്ലെന്നും രാഹുൽ ഉറപ്പിച്ചു പറഞ്ഞു.
ദില്ലി: റഫേൽ വിഷയത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓടിയൊളിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരാൾക്കും അദ്ദേഹത്തെ രക്ഷിക്കാനാകില്ല. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും 3000 കോടി രൂപ അനിൽ അംബാനിക്ക് നൽകിയ കാര്യം എല്ലാ ജനങ്ങളും മനസ്സിലാക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. സിബിഐ തലപ്പത്തേയ്ക്ക് അലോക് വർമ്മ തിരികെയെത്തിയ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
റാഫേൽ കരാറിനെക്കുറിച്ച് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് അലോക് വർമ്മയെ പെട്ടെന്ന് പുറത്താക്കുന്നത്. രാത്രി ഒരുമണി സമയത്താണ് അദ്ദേഹത്തെ മാറ്റുന്നത്. അദ്ദേഹത്തെ തിരികെ വിളിച്ചത് നീതി ലഭിച്ചതുകൊണ്ടാണ്. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാമെന്നും രാഹുൽ പറഞ്ഞു. സംവാദത്തിൽ നിന്ന് മോദിക്ക് ഓടിയൊളിക്കാം. എന്നാൽ റഫേലിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കാൻ ആർക്കും സാധിക്കില്ലെന്നും രാഹുൽ ഉറപ്പിച്ചു പറഞ്ഞു.
അലോക് വർമ്മയെ അനധികൃതമായും ജനാധിപത്യവിരുദ്ധമായുമാണ് പുറത്താക്കിയതെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. ജനാധിപത്യം തിരിച്ചടി നൽകുമെന്ന് സുപ്രീം കോടതി വെളിപ്പെടുത്തിയെന്നും എവിടെയാണ് ഇനി മോദി ഒളിക്കുകയെന്നുമാണ് കോൺഗ്രസിന്റെ ചോദ്യം. റഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് തന്നോട് 15 മിനിറ്റ് നേരം സംവാദത്തിന് തയ്യാറുണ്ടോ എന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നു. എന്നാൽ രാഹുലിന്റെ ചോദ്യത്തിന് മോദി മറുപടി ഒന്നും നൽകിയിരുന്നില്ല.
