ദില്ലി: പ്രധാനമന്ത്രി നേരിട്ട് അഴിമതി നടത്തിയതിന് ശക്തമായ തെളിവ് തന്റെ കയ്യിലുണ്ടെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തിലാണ് രാഹുല്‍ പ്രധാനമന്ത്രി നേരിട്ട് അഴിമതി നടത്തിയതിന്റെ തെളിവുകള്‍ കൈയിലുണ്ടെന്ന കാര്യം ആവര്‍ത്തിച്ചത്. മോദിയ്ക്കെതിരെ എത് തരം ആരോപണമാണ് ഉന്നയിക്കുന്നതെന്ന ഒരു കോണ്‍ഗ്രസ് നേതാവിന്റെ ചോദ്യത്തിന് ഉത്തരമായാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്.

പ്രധാനമന്ത്രിക്കെതിരെ ശക്തമായ തെളിവുകളുണ്ട്. അത് ബുള്ളറ്റ് പ്രൂഫ് സുരക്ഷയിലാണ്. തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനവുദിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ഇന്ന് ആറു മണിവരെ ദില്ലിയില്‍ ഉണ്ടാകണമെന്ന് എല്ലാ കോണ്‍ഗ്രസ് എംപിമാര്‍ക്കും രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശമുണ്ട്.അതേസമയം, വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാനായി രാഹുല്‍ ഇതുവരെ നോട്ടീസൊന്നും നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നത്.

രാഹുലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് പ്രധാനമന്ത്രിയെ കണ്ടിരുന്നു. ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്ന നിവേദനം നല്‍കാനായിരുന്നു ഇത്. പ്രധാനമന്ത്രി നേരിട്ട് അഴിമതി നടത്തിയെന്ന ആരോപണം ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.

അതേസമയം, പാര്‍ലമെന്റില്‍ ഭരണപക്ഷം തന്നെ ചര്‍ച്ച തടസ്സപ്പെടുത്തി എന്ന പരാതിയുമായി പ്രതിപക്ഷ എംപിമാര്‍ ഇന്ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. നോട്ട് അസാധുവാക്കലിനു ശേഷമുള്ള ജന ദുരിതം തീര്‍ക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും പ്രതിപക്ഷം രാഷ്‌ട്രപതിയോട് അഭ്യര്‍ത്ഥിക്കും.
അതേസമയം, ഡിജിറ്റല്‍ ബാങ്കിംഗ് പ്രചരിപ്പിക്കാന്‍ ബിജെപി എംപിമാരോട് പ്രധാനമന്ത്രി.മണ്ഡലങ്ങളില്‍ പ്രത്യേക പ്രചാരണം നടത്താനും പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.