ദില്ലി: 132 വര്‍ഷം ചരിത്രമുള്ള പാര്‍ട്ടിയുടെ തലപ്പത്തേക്കാണ് 47കാരനായ രാഹുല്‍ ഗാന്ധിയെത്തുന്നത്. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിനില്‍ക്കുന്ന കോണ്‍ഗ്രസിനെ കരകയറ്റുകയെന്ന വലിയ ഉത്തരവാദിത്വമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. പരാജയങ്ങള്‍ക്ക് പിന്നാലെ പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങുന്ന പുതിയകാല കോണ്‍ഗ്രസ് ചരിത്രത്തിലേക്കാണ് രാഹുല്‍ ഗാന്ധി ചുവടുവെക്കുന്നത്.
1970ല്‍ ജനിച്ച രാഹുലിന്റെ പ്രാഥമിക വിദ്യാഭ്യാസം ഉത്തരാഖണ്ഡിലെ ഡൂണ്‍ സ്കൂളിലായിരുന്നു. ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ച ശേഷം പഠനം വീട്ടിലേക്ക് മാറ്റി. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ ഫ്ളോറിഡയിലെ റോളിന്‍സ് കോളേജിലേക്ക്. റൗള്‍ വിഞ്ചി എന്ന പേരിലായിരുന്നു അവിടെ പഠനം. പിന്നീട് ഓക്‌സ്ഫോര്‍ഡില്‍ നിന്ന് എം.ഫില്‍ ബിരുദം കൂടി നേടിയ ശേഷം കുറേകാലം ലണ്ടനില്‍. 2003ല്‍ തിരിച്ച് ഇന്ത്യയിലേക്ക്.
2004ല്‍ അച്ഛന്റെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചുകൊണ്ട് രാഷ്‌ട്രീയ പ്രവേശം. കോണ്‍ഗ്രസില്‍ അതിവേഗം രാഹുല്‍ വളര്‍ന്നു. 2007 ല്‍ യൂത്ത് കോണ്‍ഗ്രസിന്റെയും എന്‍എസ് യു ഐയുടെയും ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി. 2013ല്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനായ ശേഷം കോണ്‍ഗ്രസിന്റെ എല്ലാ നിയന്ത്രണവും രാഹുല്‍ ഗാന്ധിയുടെ കൈകളില്‍ തന്നെയായിരുന്നു.
ഈ വളര്‍ച്ചക്കിടയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടത് രാഹുലിന്റെ അജ്‍ഞാത വാസങ്ങളായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കുറേനാള്‍ രാഹുല്‍ അപ്രത്യക്ഷനായി. തിരിച്ചുവന്ന രാഹുല്‍ അതിന് ശേഷവും രഹസ്യ വിദേശ യാത്രകള്‍ നടത്തി. രാഷ്‌ട്രീയ സ്ഥിരതയില്ലായ്മ തന്നെയാണ് രാഹുലിനെ പലപ്പോഴും ദുര്‍ബലനാക്കിയത്. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സര്‍വ്വാധിപത്യം രാഹുലിന്റെ കൈകളിലെത്തി. ആക്ഷേപങ്ങളും ആരോപണങ്ങളും തരണം ചെയ്ത് രാഹുലിന് എത്രത്തോളം മുന്നോട്ടുപോകാനാകുമെന്ന് കാത്തിരുന്ന് കാണാം.
