ദില്ലി: രാഹുൽ ഗാന്ധി അടുത്തമാസം ആദ്യം കോൺഗ്രസ് അധ്യക്ഷനായി ചുമതയേറ്റെടുത്തേക്കും. ദീപാവലിക്ക് ശേഷം രാഹുൽ സ്ഥാനമേൽക്കുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു. പുതിയ അധ്യക്ഷനുള്ള നാമനിര്‍ദ്ദേശപത്രിക ഈ മാസം പത്ത് മുതൽ സമര്‍പ്പിക്കാം.

ഈ മാസം 25നകം പുതിയ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി നിലവിൽ വരുത്തി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂര്‍ത്തിയാക്കാനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറ്റിയുടെ ശ്രമം . നിശ്ചിത കാലയളവിൽ സംഘടന തെരഞ്ഞെടപ്പ് പൂര്‍ത്തിയാക്കാൻ നടപടിക്രമങ്ങൾ തുടങ്ങി. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിര്‍ദ്ദേശപത്രിക ഈ മാസം പത്ത് മുതൽ സമര്‍പ്പിക്കാം. രാഹുൽ ഗാന്ധി എതിരില്ലാതെ തെരഞ്ഞെടുക്കാനാണ് സാധ്യത. രാഹുലിന്റെ സ്ഥാനാരോഹണം അടുത്തമാസം ആദ്യം ഉണ്ടായേക്കും. രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കണമെന്ന് പ്രവര്‍ത്തകസമിതി പ്രമേയം പാസാക്കിയിരുന്നു. രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണത്തിനായി സമ്പൂര്‍ണ എഐസിസി സമ്മേളനം നടക്കും. അതിനിടെ സംസ്ഥാന റിട്ടേണിംഗ് ഓഫീസര്‍മാരുടെ യോഗം എഐസിസി ആസ്ഥാനത്ത് ചേര്‍ന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രക്രികൾ അവലോകനം ചെയ്തു. ഈ മാസം 18ലെ ദീപാവലിക്ക് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധി സ്ഥാനമേല്‍ക്കുമെന്നായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം. കുടുംബപ്പേര് രാഷ്ട്രീയത്തിൽ അയോഗ്യതയല്ലെന്നും പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന കാര്യം തീരുമാനിക്കേണ്ടത് പ്രിയങ്കയാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. കേരളത്തിലെ ബൂത്ത് തലം മുതലുള്ളവരുടെ പ്രാഥമിക പട്ടിക കേരളത്തിന്‍റെ ചുമതലയുള്ള റിട്ടേണിംഗ് ഓഫീസര്‍ സുദര്‍ശനൻ നാച്ചിയപ്പൻ നൽകിയിട്ടുണ്ടെന്നാണ് സൂചന. ഇതിൽ എംപിമാരടക്കമുള്ളവര്‍ക്ക് അതൃപ്തിയുണ്ട്.