ദില്ലി:രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷപദം ഏറ്റെടുത്തേക്കും. ഈ മാസം പ്രവര്‍ത്തകസമിതി വിളിച്ചു ചേര്‍ത്തേക്കുമെന്ന് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ സൂചന നല്കി. അതേസമയം റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ സോണിയാഗാന്ധി തയ്യാറായില്ല. കേരളത്തിലെയും ആസമിലെയും പരാജയത്തിനു ശേഷം കോണ്‍ഗ്രസില്‍ വലിയ ശസ്‌ത്രക്രിയ വേണം എന്ന ആവശ്യവുമായി ദ്വിഗ് വിജയ്സിംഗ് ഉള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

രാഹുല്‍ ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരികയും അഹമ്മദ് പട്ടേലിനെ പോലെ ഇപ്പോള്‍ അധികാരം കൈയ്യാളുന്നവരെ മാറ്റുകയുമാണ് ദ്വിഗ് വിദയ്സിംഗിന്റെ ലക്ഷ്യം. ഈ മാസം രാഹുലിനെ അദ്ധ്യക്ഷ പദവിയിലേക്ക് കൊണ്ടു വരും എന്ന സൂചനയാണ് പാര്‍ട്ടിയില്‍ ശക്തമായിരിക്കുന്നത്. ഇതിനായി പ്രവര്‍ത്തകസമിതി ചേരുമെന്നാണ് ഉന്നത നേതാക്കള്‍ നല്കുന്ന സൂചന.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് രാഹുല്‍ നേതൃപദവിയിലേക്ക് വരാന്‍ തയ്യാറെടുക്കുന്നത്. എഐസിസി പുനസംഘടനയും ഇതോടൊപ്പം നടന്നേക്കും. അജയ്മാക്കന്‍, സച്ചിന്‍പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ. ആര്‍പിഎന്‍ സിംഗ്, കെസി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ക്ക് പുനസംഘടനയില്‍ പ്രാമുഖ്യം കിട്ടും. രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്ക് വരുന്നതിനോട് എല്ലാവര്‍ക്കും യോജിപ്പാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമായിട്ടില്ലെന്നും എഐസിസി വക്താവ് സുഷ്മിത ഡേ വ്യക്തമാക്കി.

റോബര്‍ട്ട് വാധ്രയുടെ ഇടപാടുകളിലും ഹെലികോപ്റ്റര്‍ അഴിമതിയിലും നെഹ്റു കുടുംബത്തിനെതിരെ എന്‍ഡിഎ സര്‍ക്കാര്‍ നീക്കം തുടങ്ങിയ സാഹചര്യത്തില്‍ കൂടിയാണ് രാഹുലിന്റെ സ്ഥാനാരോഹണം ചര്‍ച്ചയാവുന്നത്. ലണ്ടനിലെ തന്റെ കെട്ടിടം നവീകരിക്കണമെന്ന ആവശ്യപ്പെട്ട് ഇമെയില്‍ അയച്ചത് റോബര്‍ട്ട് വാധ്ര തന്നെയാണെന്ന് പ്രതിരോധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരി ആദായ നികുതി വകുപ്പിനോട് പറഞ്ഞു. ദുബായിലെ മേഫെയര്‍ എന്ന കമ്പനിയുടെ പേരിലാണ് ഈ കെട്ടിടം എന്നതിനാല്‍ ഉടമസ്ഥരുടെ വിവരങ്ങള്‍ക്ക് ഇന്ത്യ യുഎഇ സര്‍ക്കാരിനും കത്തു നല്‍കിയിട്ടുണ്ട്.