തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കരുണാനിധിയുടെ രക്തസമ്മർദ്ദം മരുന്നുകളുടെ സഹായത്തോടെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. 

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കരുണാനിധിയുടെ രക്തസമ്മർദ്ദം മരുന്നുകളുടെ സഹായത്തോടെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, അണുബാധ നിയന്ത്രിക്കാനാകാത്തതാണ് ആശങ്ക കൂട്ടുന്നത്. 

കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി കാവേരി ആശുപത്രിയിലെത്തി കരുണാനിധിയെ സന്ദർശിച്ചിരുന്നു. ഞായറാഴ്ച രാത്രിക്ക് ശേഷം ഇതുവരെ മെഡിക്കല്‍ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല. ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യനില വഷളായെങ്കിലും പിന്നീട് നേരിയ പുരോഗതിയുണ്ടെന്ന് ഒടുവിൽ പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. 

ചെന്നൈ നഗരത്തിൽ കനത്ത സുരക്ഷ തുടരുകയാണ്. 2000ലധികം പൊലിസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഏത് സാഹചര്യങ്ങളും നേരിടാനുള്ള ഒരുക്കങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതേസമയം, പ്രവർത്തകരോട് സംയമനം പാലിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. ഡിഎംകെ ജില്ലാ നേതാക്കളോട് എം കെ സ്റ്റാലിൻ തിരിച്ചുപോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആശുപത്രിക്ക് മുൻപിലേക്ക് ഇപ്പോഴും നിരവധി പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണ്.