രാഹുല്‍ പറയുന്നത് കോണ്‍ഗ്രസുകാര്‍ തന്നെ കാര്യമാക്കുന്നില്ല: നിതിന്‍ ഗഡ്കരി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ഹൈവേ, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. രാഹുല്‍ ഗാന്ധി പറയുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ കാര്യമായി എടുക്കുന്നില്ല പിന്നെയാണോ മോദി എന്നായിരുന്നു ഗഡ്കരിയുടെ പരിഹാസം.

അടുത്തിടെ നിരവധി വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മോദിയെ രാഹുല്‍ ഗാന്ധി പരിഹസിക്കുകയും ഉപേദേശിക്കുകയും ചെയ്തിരുന്നു. മോദിയുടെ പ്രസംഗം 15 മിനിറ്റില്‍ കൂടുതല്‍ കേട്ടിരിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. മോദിക്കെതിരായ ഇത്തരം പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്‍റ പക്വതക്കുറവു മൂലം പറയുന്നതാണെന്ന് ഗഡ്കരി പറഞ്ഞു. ആജ് ടാക്സ് ഫ്ലാഗ്ഷിപ്പ് ഷോയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഗഡ്കരി. രാഹുല്‍ ഗാന്ധി ഒരു 15 മിനിട്ട്, അല്ലെങ്കില്‍ 15 മണിക്കൂര്‍ സംസാരിച്ചാലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും കേട്ടിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അമ്പത് വര്‍ഷവും ഇന്ത്യയില്‍ ബിജെപി തന്നെ ഭരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍, ഇന്ത്യ മാറുകയാണ് ആ മാറ്റം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇന്ത്യയെ ശക്തമാക്കാന്‍ ബിജെപിക്ക് കഴിയുമെന്ന് ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നായിരുന്നു പ്രതികരണം.