രാവിലെ 8.55ന് ദില്ലിയില്‍ നിന്നുള്ള ഇന്‍ഡിയോ എയര്‍ലൈന്‍സിന്റെ 6E 308 വിമാനത്തിലാണ് രാഹുല്‍ ഗാന്ധി വരാണസിയിലേക്ക് യാത്ര ചെയ്തത്. യാത്ര തുടങ്ങുന്നതിന് മുമ്പ് സുരക്ഷാ സേനയിലെ ഒരു ഉദ്ദ്യോഗസ്ഥന്‍ പൈലറ്റുമാരോട് ലൈസന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍ എസ്.പി.ജിക്ക് തങ്ങളുടെ ലൈസന്‍സ് പരിശോധിക്കാന്‍ അധികാരമുണ്ടോയെന്ന സംശയത്താല്‍ എയര്‍ലൈന്‍ അധികൃതരില്‍ നിന്ന് ലൈസന്‍സ് പരിശോധിക്കാന്‍ പൈലറ്റുമാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വിമാനം ഇന്ധനം സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുന്നതിനാല്‍ അതിന്റെ റിപ്പോര്‍ട്ട് എസ്.പി.ജിക്ക് ലഭ്യമാക്കി. എന്നാല്‍ പരിശോധനകള്‍ പൂര്‍ത്തിയായപ്പോഴേക്കും 45 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.
എസ്.പി.ജിയുടെ നടപടി ഞെട്ടിച്ചെന്ന് വിമാന ജീവനക്കാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തിലുള്ള പരിശോധന ആദ്യമായാണെന്നും ശരിയായ ലൈസന്‍സുള്ളതുകൊണ്ടാണ് പൈലറ്റുമാര്‍ വിമാനം പറത്തുന്നതെന്നും ചില പൈലറ്റുമാര്‍ അഭിപ്രായപ്പെട്ടു. വി.ഐ.പികളുടെ യാത്രക്കായി മുതിര്‍ന്ന പൈലറ്റുമാരെയാണ് വ്യോമസേനയും എയര്‍ ഇന്ത്യയും നിയോഗിക്കാറുള്ളത്. എന്നാല്‍ സ്വകാര്യ വിമാനങ്ങളില്‍ ഇവര്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ വിമാനക്കമ്പനികള്‍ക്ക് നില്‍കിയിട്ടുണ്ട്. എന്നാല്‍ അതീവ സുരക്ഷയുള്ള വി.ഐ.പിയുടെ യാത്രയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ പരിശോധനകളെക്കുറിച്ച് പ്രതികരിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് തയ്യാറായില്ല.
