പിജെ കുര്യനുമായുളള സംഭാഷണം സൗഹാർദ്ദപരമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനുമായി ഇന്നലെ എൻഎസ്എസ് ആസ്ഥാനത്ത് വെച്ചുള്ള സംഭാഷണത്തെക്കുറിച്ച് പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പിജെ കുര്യനുമായുളള സംഭാഷണം സൗഹാർദ്ദപരമായിരുന്നുവെന്നും സംസാരിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യ കാര്യങ്ങളെക്കുറിച്ചായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വ്യക്തമാക്കി. പെരുന്നയിൽ വെച്ച് രമേശ് ചെന്നിത്തലയുമായും സംസാരിച്ചിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു.
എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും രാഹുൽ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആരോടും സംസാരിച്ചിട്ടില്ല. പി ജെ കുര്യനുമായി ഭിന്നതയില്ല. ചെവിയിൽ പറഞ്ഞത് കുശലാന്വേഷണമാണ്. താൻ പറഞ്ഞതിനെ വളച്ചൊടിച്ച് വാർത്തയായി വന്നു എന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ആർക്കും അഭിപ്രായം പറയാം. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഇപ്പോൾ അഭിപ്രായം പറയാൻ താൻ ആളല്ലെന്ന് പറഞ്ഞ രാഹുൽ, പാലക്കാട്ടുകാർ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നുവെന്നും ചൂണ്ടിക്കാട്ടി. പാലക്കാട് സജീവമാണെന്നും കൂട്ടിച്ചേര്‍ത്തു.
മത്സരിക്കുമോ എന്ന ചോദ്യത്തിന് രാഹുൽ കൃത്യമായ മറുപടി നൽകിയില്ല. ഇതിൽ നിന്നും വാർത്ത സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നായിരുന്നു പ്രതികരണം. രമേശ് ചെന്നിത്തലയുമായി പെരുന്നയിൽ ഇന്നലെ പലകുറി സംസാരിച്ചിരുന്നുവെന്നും ഇന്നലെ നടന്നതിൽ ഒരു കൗതുകം പോലും തനിക്ക് തോന്നുന്നില്ലെന്നും പറഞ്ഞ രാഹുൽ വാർത്ത ഏതുതരത്തിൽ നൽകണം എന്നത് മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യമാണെന്നും അഭിപ്രായപ്പെട്ടു. ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് സത്യം ജയിക്കും സത്യമേ ജയിക്കാവൂ എന്നാണ് രാഹുൽ മറുപടി നൽകിയത്. നല്ല ആത്മവിശ്വാസം ഉണ്ടെന്നും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകരുതെന്ന ആവശ്യവുമാണ് ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ പറഞ്ഞത്. ഭാഷയും സൗന്ദര്യവും മതിയെന്ന് കരുതുന്ന സ്ഥാനമോഹികളെ മാറ്റിനിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു കുര്യന്‍റെ പ്രസ്താവന. തെരഞ്ഞെടുപ്പിന് മുന്പ് അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തിയാൽ പരിഗണിക്കാമെന്ന് ഒരു വിഭാഗം നേതാക്കള്‍ നല്‍കിയ ഉറപ്പിൽ രാഹുല്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കെയായിരുന്നു കുര്യന്‍റെ വിമര്‍ശനം.

