രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെങ്കില്‍ ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം ചെയ്യണം

വിശാഖപട്ടണം: വിവാദപ്രസ്താവനയുമായി തെലുങ്കുദേശം പാര്‍ട്ടി എം.പി. ജെ.സി. ദിവാകര്‍ റെഡ്ഡി രം​ഗത്ത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെങ്കില്‍ ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ മതിയെന്ന് ദിവാകര്‍ റെഡ്ഡി. രാഹുലിന്റെ അമ്മ സോണിയാ ഗാന്ധിയോടു ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ദിവാകര്‍ റെഡ്ഡി അവകാശപ്പെട്ടു. വിശാഖപട്ടണത്തു നടന്ന ഒരു പൊതുചടങ്ങിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ പിന്തുണകിട്ടാന്‍ രാഹുല്‍ ഒരു 'നല്ല ബ്രാഹ്മണ പെണ്‍കുട്ടി'യെ വിവാഹം ചെയ്യണം. പ്രധാനമന്ത്രിയാകണമെന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ പിന്തുണവേണം. ബ്രാഹ്മണസമുദായമാണു യു.പി. ഭരിക്കുന്നത് എന്നും ദിവാകര്‍ റെഡ്ഡി പറഞ്ഞു. അനന്തപുര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള എം.പി.യായ റെഡ്ഡി ആറുതവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.എല്‍.എ.യായിട്ടുണ്ട്.