പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍.നായര്‍ കുറ്റവിമുക്തന്‍
തിരുവനന്തപുരം: കൈക്കൂലി കേസിൽ എസ്പി രാഹുൽ ആർ.നായർ കുറ്റവിമുക്തൻ. പത്തനംതിട്ട എസ്പിയായിരിക്കെ പൂട്ടിയ ക്വാറി തുറക്കാൻ ഉടമയിൽ നിന്നും 17 ലക്ഷം കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തത്.
പ്രാഥമിക അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചതിനാൽ രാഹുൽ ആർ നായരെ സസ്പെന്റ് ചെയ്തിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പില്ലെന്ന് വിജിലൻസ് കണ്ടെത്തി. പണം നൽകിയെന്ന് പറയുന്നവർക്കോ സാക്ഷികൾക്കോ ആരോപണം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനാൽ കേസ് നിലനില്ക്കില്ലെന്ന് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഒരു തടസ്സ ഹർജി കോടതിയിൽ വന്നതിനെ തുടർന്ന് വിശദമായ വാദം കേട്ടശേഷമാണ് വിജിലൻസ് റിപ്പോർട്ട് കോടതി അംഗീകരിച്ചത്. ഇപ്പോൾ എറണാകുളം റൂറൽ എസ്പിയാണ് രാഹുൽ ആർ നായർ.രാഹുലിൻറെ ക്ലീൻ ചിറ്റ് തിരുവനന്തപുരം വിജിലൻസ് കോടതിയാണ് അംഗീകരിച്ചത്.
